സ്‌കൂൾ തുറന്നതോടെ ഗതാഗതകുരുക്ക് ഇരട്ടിയായി
ആലുവ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പുതിയ ടെർമിനൽ നിർമ്മാണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾക്ക് ക്രമീകരണം ഏർപ്പെടുത്തിയതിനെ തുടർന്ന് നഗരത്തിൽ രൂപംകൊണ്ട ഗതാഗതകുരുക്ക് പരിഹരിക്കാൻ നടപടിയില്ല. ഇതേതുടർന്ന് പ്രതിഷേധം വ്യാപകമായി.
സ്‌കൂളുകളും ഓഫീസുകളും അവധിയായ രണ്ടാം ശനിയാഴ്ച്ചയാണ് ഗതാഗത നിയന്ത്രണം ആരംഭിച്ചത്. ഗതാഗത നിയന്ത്രണത്തെക്കുറിച്ച് അധികൃതർ ശാസ്ത്രീയമായ നിലയിൽ ബദൽ നടപടികളെടുത്തില്ലെന്ന് മാത്രമല്ല, ചർച്ച പോലും നടത്തിയില്ല. ഇതേതുടർന്ന് ഇന്നലെ പമ്പ് കവല മുതൽ കാരോത്തുകുഴി ആശുപത്രി കവല വരെ കാൽനട യാത്രപോലും ദുസഹമായിരുന്നു. ഇന്നലെ രാവിലെ മുതൽ ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളുമെല്ലാം വലയുകയായിരുന്നു. ആവശ്യത്തിന് പൊലീസുകാരില്ലാത്തതും കുരുക്ക് വർദ്ധിപ്പിച്ചു.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ സ്റ്റാൻഡിന് പുറത്ത് യാത്രക്കാരെ ഇറക്കി ബോർഡ് മാറ്റി സ്വകാര്യ സ്റ്റാൻഡിന് മുമ്പിലൂടെ മടങ്ങി പോകുന്ന വിധത്തിലുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുമ്പിൽ നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ സ്വകാര്യ ബസുകളും നിർത്തുന്നതിനാൽ യാത്രക്കാരുടെ വലിയ തിരക്കാണ്. ബസുകൾ ടൂറിസ്റ്റ് ടാക്‌സി സ്റ്റാൻഡ് മുതൽ റെയിൽവേ സ്റ്റേഷൻ ഭാഗം വരെ നിർത്തുകയാണ്. യാത്രക്കാർ ബസുകൾക്ക് പിന്നാലെ ഓടുകയാണ്.
നിലവിലുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന്റെ പിന്നിലൂടെ പ്രവേശനകവാടം നൽകിയും ഗതാഗത കുരുക്ക് പരിഹരിക്കാമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. പൈപ്പ് ലൈൻ റോഡ് വഴി പ്രവേശിച്ച് ജില്ലാ ആശുപത്രിയുടെ കുറച്ച് സ്ഥലം ഏറ്റെടുത്താൻ എളുപ്പത്തിൽ ഗുരുക്കൊഴിവാക്കാമെന്നും പറയുന്നു.
യാത്രക്കാരുടെ ആവശ്യം
കെ.എസ്.ആർ.ടി.സി ബസുകൾ നഗരം ചുറ്റുന്നത് അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗം യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാർ കുറച്ച് ബുദ്ധിമുട്ട് സഹിച്ചാൽ നഗരത്തെ ഗതാഗതകുരുക്കിൽ നിന്നും മോചിപ്പിക്കാനാകുമെന്നും ഇവർ പറയുന്നു. പെരുമ്പാവൂർ, കോതമംഗലം, കീഴ്മാട് ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ആലുവ ടൗൺ ഹാളിന് മുമ്പിലും പറവൂർ, അങ്കമാലി ഭാഗത്ത് നിന്നും വരുന്ന ബസുകൾ സ്വകാര്യ സ്റ്റാൻഡിലും യാത്ര അവസാനിക്കണമെന്നാണ് ആവശ്യം.
പരിഹാരമുണ്ടാക്കും: എം.എൽ.എ
ഗതാഗതകുരുക്ക് പരിഹരിക്കാൻ അടിയന്തിര നടപടിയെടുക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. റോഡിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കണമെന്ന് ട്രാഫിക്ക് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എ.ടി.ഒയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.