accident
ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം കടപുഴകി വീണ തണൽ മരം ആലുവ അഗ്നിശമന സേനാംഗങ്ങൾ മുറിച്ചുനീക്കുന്നു

ആലുവ: കനത്ത കാറ്റിലും മഴയിലും ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം തണൽ മരം കടപുഴകി വീണു. ഇതേതുടർന്ന് അഞ്ച് മണിക്കൂറോളം എറണാകുളം റോഡിൽ ഗതാഗതം തടസപ്പെട്ടു. മരം മുറിച്ച് നീക്കുന്നതിനിടെ കാലിൽ മരം വീണ് ആലുവ അഗ്നിശമന സേന ജീവനക്കാരന് പരിക്കേറ്റു.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കെ.എസ്.ആർ.ടി.സി ഗാരേജിന് എതിർവശം റെയിൽവേ ഗേറ്റിന് സമീപം നിന്നിരുന്ന വലിയ തണൽമരമാണ് കടപുഴകിയത്. മരത്തിന്റെ കൊമ്പ് പതിച്ചതിനെ തുടർന്ന് റെയിൽവേ ഗേറ്റിന്റെ ബ്രോസ് ബാറും തകരാറിലായി. ഫയർഫോഴ്‌സും ട്രാഫിക്ക് പൊലീസുമെത്തി എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും എതിർദിശയിലൂടെ കടത്തി വിടുകയായിരുന്നു.

മരം മുറിച്ച് പൂർണമായി നീക്കിയ ശേഷം രാവിലെ എട്ട് മണിയോടെയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. ഇതിനിടയിൽ അഗ്നിശമന സേന ജീവനക്കാരൻ കിരണിന് പരിക്കേറ്റു. ഇയാളെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ, ലീഡിംഗ് ഫയർമാൻ കെ.പി. വിനയകുമാർ, എം.ബി. നിസാം, പി.ആർ. ബാബു, രതീഷ്, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുനീക്കിയത്. വേരുകൾ പുറത്തുവന്നും ചെരിഞ്ഞും അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ച് നീക്കണമെന്ന് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിരുന്നതാണെങ്കിലും അധികാരികൾ നടപടി സ്വീകരിച്ചിരുന്നില്ല.