കൊച്ചി : മരടിലെ നാല് ഫ്ളാറ്റുകൾ പൊളിക്കുന്നത് ആറാഴ്ചത്തേയ്ക്ക് മരവിപ്പിച്ചതോടെ താമസക്കാർക്കും കെട്ടിട നിർമ്മാതാക്കൾക്കും ആശ്വാസമായി. ഫ്ളാറ്റുകൾ പൊളിക്കുകയെന്ന തലവേദന മരട് മുനിസിപ്പാലിറ്റിക്കും തത്ക്കാലം ഒഴിഞ്ഞു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ ജൂൺ എട്ടിനകം പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഒരുമാസം മുമ്പ് ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ളാറ്റിലെ താമസക്കാർ നൽകിയ റിവ്യൂവിലാണ് പൊളിക്കൽ നടപടികൾ ആറാഴ്ചത്തേയ്ക്ക് മരിവിപ്പിച്ചത്.
"ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. റിവ്യൂ ഹർജികൾ നേരത്തെ വിധി പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര ജൂലായ് ആദ്യവാരം വീണ്ടും കേൾക്കും. അതുവരെ ആശ്വസിക്കാൻ വകയുണ്ട്. " പൊളിക്കാൻ ഉത്തരവിട്ട കായലോരം ഫ്ളാറ്റുടമകളുടെ സംഘടനാ സെക്രട്ടറി ഫ്രാൻസിസ് പറഞ്ഞു.
"ഞങ്ങളുടെ വാദം കേൾക്കാതെയാണ് സുപ്രീം കോടതി ആദ്യം ഉത്തരവിട്ടത്. അക്കാര്യമാണ് റിവ്യൂ ഹർജിയിൽ ഉന്നയിച്ചത്. ഞങ്ങൾക്ക് നീതി ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. മറ്റൊരു കിടപ്പാടമില്ലാത്ത ഞങ്ങൾക്ക് ഫ്ളാറ്റ് നഷ്ടപ്പെടുന്നത് ആലോചിക്കാൻ പോലും കഴിയില്ല." അദ്ദേഹം പറഞ്ഞു.
തൽക്കാലത്തേയ്ക്കാണെങ്കിലും വലിയ ആശ്വാസമാണ് ഉത്തരവെന്ന് പൊളിക്കാൻ നിർദ്ദേശിക്കപ്പെട്ട ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ എന്നിവിടങ്ങളിലെ താമസക്കാരും പറഞ്ഞു.
# നിർമ്മാതാക്കളുടെ റിവ്യൂവും ഉടൻ
ഫ്ളാറ്റുകൾ പൊളിക്കുന്നതിനെതിരെ കെട്ടിട നിർമ്മാതാക്കളും റിവ്യൂ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇവയും വൈകാതെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനികളുടെ അധികൃതർ പറഞ്ഞു. നാലു കമ്പനികൾ പ്രത്യേകമായാണ് റിവ്യൂ നൽകിയത്. താമസക്കാരുടെ ഹർജിക്കൊപ്പം ഇവയും പരിഗണിച്ചേക്കും.
# നടപടി തുടരാൻ നഗരസഭ
സുപ്രീം കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലായിരുന്ന മരട് നഗരസഭയ്ക്കും കൂടുതൽ സമയം ലഭിക്കും. ഫ്ളാറ്റുകൾ പൊളിച്ചു നീക്കുകയെന്ന ഭഗീരഥയജ്ഞത്തിന് സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടി കാത്തിരിക്കുകയാണ് നഗരസഭ. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയെ നേരിൽ കണ്ട് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ ഉൾപ്പെട്ട സംഘം സഹായം തേടിയിരുന്നു.
ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി കെട്ടിട നിർമ്മാതാക്കൾക്ക് രണ്ടു തവണ നോട്ടീസ് നൽകിയതായി നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷ് പറഞ്ഞു. ആദ്യം നൽകിയ നോട്ടീസിന് വ്യക്തമായ മറുപടി നിർമ്മാതാക്കൾ നൽകിയില്ല. റിവ്യൂ ഹർജി നൽകുമെന്നും അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് അറിയിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച വീണ്ടും നൽകിയ നോട്ടീസിൽ കമ്പനികൾ സ്വന്തം നിലയിൽ ഫ്ളാറ്റ് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ വഴിയില്ലാത്ത നഗരസഭയ്ക്ക് ഇന്നലത്തെ ഉത്തരവിലൂടെ കൂടുതൽ സാവകാശം ലഭിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.
# പൊളിക്കേണ്ട ഫ്ളാറ്റുകൾ
ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ
ആൽഫ സെറൈൻ
കായലോരം
ജെയിൻ ഹൗസിംഗ്
ഹോളിഡേ തറവാട്
റിവ്യൂ ഹർജിയിൽ അനുകൂല നിലപാടുണ്ടാകുമെന്ന് പ്രതീക്ഷ.