പറവൂർ : ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം പാലം മുതൽ കടൽവാതുരുത്ത് വരെയുള്ള പി.ഡബ്ലിയു.ഡി റോഡിന്റെ ഇരുവശങ്ങളിലെയും കൈയേറ്റം ഒഴിപ്പിക്കുന്നതിനായി സർവേ തുടങ്ങി. താലൂക്ക് ഓഫീസിലെ സർവയർമാരുടെ നേതൃത്വത്തിലാണ് പരിശോധന. വടക്കുംപുറം പാലം മുതൽ കടൽവാതുരുത്ത് വരെ രണ്ട് കിലോമീറ്റർ ദൂരമുണ്ട്. റോഡ് കൈയേറിയതു മൂലം അപകടങ്ങൾ പതിവാകുന്നതായി പരാതി ഉയർന്നിരുന്നു. 2016ൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ടൈറ്റസ് ഗോതുരുത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പിട്ട പരാതി കലക്ടർ, പറവൂർ പി.ഡബ്ലിയു.ഡി എൻജിനീയർ, തഹസിൽദാർ എന്നിവർക്ക് നൽകി. ഒരു വർഷം മുമ്പ് ചേന്ദമംഗലം പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. സ്ഥലം അളന്നു തിട്ടപ്പെടുത്താൻ നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രദേശവാസിയായ പി.ഡി. ഷിജു മുഖ്യമന്ത്രി പരാതി നൽകി. ഏതാനും വർഷങ്ങൾക്കുള്ളിൽ ഒമ്പത് പേർ മരണപ്പെട്ടു. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി സ്ഥിരസംഭവമാണ്. മൂത്തകുന്നം, കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പറവൂരിലേക്കും എറണാകുളം, നെടുമ്പാശേരി, ആലുവ ഭാഗങ്ങളിലേക്കും ഇതുവഴി എളുപ്പത്തിലെത്താനാകുന്നതിനാൽ ദേശീയപാതയിലെ തിരക്ക് ഒഴിവാക്കാൻ ഒട്ടേറെയാളുകൾ യാത്രയ്ക്കായി ഈ വഴി തിരഞ്ഞെടുക്കുന്നുണ്ട്.
15ന് മുമ്പ് സർവേ പൂർത്തിയാകും
തഹസിൽദാർ, സർവയർ, പരാതിക്കാരൻ എന്നിവരെ ഉൾപ്പെടുത്തി കഴിഞ്ഞ മാസം ഡെപ്യൂട്ടി കലക്ടർ വിളിച്ച യോഗത്തിന്റെ തീരുമാനപ്രകാരമാണ് സർവേ ആരംഭിച്ചത്. ഈ മാസം 15ന് മുമ്പ് സർവേ പൂർത്തിയാകും. റോഡിൽ കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവ ഒഴിപ്പിക്കുന്നതിനു തുടർനടപടികളുണ്ടാകും. ഭൂമി കയ്യേറിയവർക്കെതിരെ നടപിയെടുത്ത് റോഡിന്റെ വീതികൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.