പറവൂർ : നഗരസഭയുടെ അടുത്തിടെ തയ്യാറാക്കിയ പുതുക്കിയ മാസ്റ്റർ പ്ലാനിലും അപാകതയുണ്ടെന്ന് പറവൂർ താലൂക്ക് റസിഡൻസ് അസോസിയേൽൻ കൗൺസിൽ (പാട്രാക്) മുനിസിപ്പൽ കമ്മിറ്റി. സ്റ്റേഡിയം വികസനത്തിനുള്ള വലിയ പദ്ധതികൾ ആലോചിക്കുന്നുണ്ട്. പക്ഷേ, സ്റ്റേഡിയത്തിലേക്കുള്ള റോഡുകളുടെ വികസനത്തിനു നിർദേശങ്ങളില്ല. സ്റ്റേഡിയം പദ്ധതിക്ക് അനുമതി കിട്ടണമെങ്കിൽ പത്ത് മീറ്റർ വീതിയിൽ രണ്ട് റോഡുകളും സ്റ്റേഡിയത്തിന്റെ വലുപ്പത്തിന് അനുപാദമായ പാർക്കിംഗ് സ്ഥലവും ആവശ്യമാണ്. പെരുമ്പടന്നയിലെ നിർദിഷ്ട ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ചെറായി റോഡിൽ നിന്നുള്ള റോഡുകളും എൻ.എച്ച് 66ൽ നിന്നും നഗരത്തിലേക്കുള്ള ലിങ്ക് റോഡുകളും വികസിപ്പിക്കുന്നില്ല. നഗരത്തിലെ പാർക്കിംഗിനായി നിർദേശങ്ങളില്ല. ഓട്ടോ, ടാക്‌സി, ടെമ്പോ സ്റ്റാൻഡുകൾ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കു മാറ്റേണ്ടതുണ്ട്. പറവൂർ പോലുള്ള ചെറിയ പട്ടണത്തിൽ നാല് ബസ് സ്റ്റാൻഡുകൾ ആവശ്യമില്ല. നഗരത്തിൽ സർക്കാർ അല്ലെങ്കിൽ എയ്ഡഡ് കോളജ് യാഥാർഥ്യമാക്കാൻ പദ്ധതിയില്ല. താലൂക്ക് ആശുപത്രിയുടെ വികസനത്തിനും ടൂറിസം വികസനത്തിനും അമ്പതിൽപരം ചെറിയ റോഡുകളുടെ വികനസത്തിനും പദ്ധതിയില്ല എന്നിങ്ങനെ കമ്മിറ്റി വിലയിരുത്തി. പ്ലാൻ വേണ്ടവിധം പഠിച്ചു ചർച്ച ചെയ്തു പരമാവധി കുറ്റമറ്റതാക്കിയ ശേഷമേ നടപ്പാക്കാവൂ എന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.