ആലുവ: ധനകമ്മിയിൽ നിന്നും നഗരസഭയെ മോചിപ്പിക്കാത്ത വൈസ് ചെയർപേഴ്സന്റെ രാജിയാവശ്യപ്പെട്ട് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബഹളം. കമ്മിറ്റിയിൽ വൈസ് ചെയർപേഴ്സൺ സി. ഓമന ഒഴികെയുള്ളവരെല്ലാം പ്രതിപക്ഷമായത് ഭരണപക്ഷത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി.

നഗരസഭ ഏറെ നാളായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആരോപിച്ചു. ജിവനക്കാർക്ക് ശമ്പളം പോലും കൃത്യമായി കൊടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. കുടിശിഖ പിരിച്ചിച്ചെടുക്കുവാൻ നഗരസഭ തയ്യാറാകുന്നില്ല. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയും ഉണ്ടായിട്ടില്ല. ഇതേതുടർന്നായിരുന്നു ബഹളം. അടിയന്തിര കൗൺസിൽ യോഗം വിളിച്ച് സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അംഗങ്ങളായ രാജീവ് സക്കറിയ, പി.സി. ആന്റണി, മിനി ബൈജു എന്നിവർക്ക് പുറമെ നഗരസഭ ചെയർപേഴ്‌സൺ ലിസി അബ്രാഹം, മുനിസിപ്പൽ സെക്രട്ടറി അരുൺ രംഗൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.