കൊച്ചി: കടൽക്ഷോഭം ശക്തമായ ചെല്ലാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് നിയുക്ത എം.പി ഹൈബി ഈഡൻ ആവശ്യപ്പെട്ടു. ചെല്ലാനത്ത് കടൽക്ഷോഭ മേഖലകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ജിയോട്യൂബ് നിർമ്മാണത്തിന്റെ ഭാഗമായി ചെല്ലാനം ഭാഗങ്ങളിലുണ്ടായിരുന്ന മണൽക്കൂനകൾ കടലിലേക്ക് ഒഴുക്കിക്കളഞ്ഞു. ഇതോടെ ഈ ഭാഗങ്ങളിൽ സംരക്ഷണമില്ലാതായി. അശാസ്‌ത്രീയമായ ജിയോ ട്യൂബ് നിർമ്മാണം ആ പദ്ധതിയേയും അവതാളത്തിലാക്കി. പുലിമുട്ട് നിർമ്മിക്കണമെന്ന ആവശ്യം സർക്കാർ ഉടൻ നടപ്പാക്കണം.ജില്ലാ കളക്‌ടർ പ്രദേശം സന്ദർശിച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള നടപടികൾ ഉറപ്പു വരുത്തണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. മുൻ മേയർ ടോണി ചമ്മിണി, പഞ്ചായത്ത് അംഗങ്ങളായ വത്സ ഫ്രാൻസിസ് ,ലിസി സോളി, പീറ്റർ ഷിൽ എന്നിവരും ഹൈബിക്കൊപ്പമുണ്ടായിരുന്നു.