road
വൈറ്റില തമ്മനം റോഡ് തകർന്ന് മഴയത്ത് ചെളി നിറഞ്ഞപ്പോൾ

കൊച്ചി: പ്രളയമഴയിൽ നിന്ന് പാഠം പഠിച്ച് നഗരസഭ ഇത്തവണ കൊച്ചി നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കുമെന്ന പ്രതീക്ഷ ആദ്യമഴയോടെ ഇല്ലാതായി.. പതിവുപോലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും ,സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം,​ എം.ജി റോഡ് തുടങ്ങി നഗരഹൃദയങ്ങളാണ് മഴവെള്ളത്തോടൊപ്പം ഉയർന്നുപൊങ്ങിയ കാനയിലെ മലിനജലത്തിൽ മുങ്ങിയത്.

മഴക്കാലപൂർവ്വ ശുചീകരണം പലകാരണങ്ങളാൽ പാളിപ്പോയതാണ് ഇത്തവണയും വെള്ളക്കെട്ട് തുടർക്കഥയാക്കിയത്. വെള്ളക്കെട്ട് ഉണ്ടാകാൻ സാദ്ധ്യതയുള്ള കാനകൾ ശുചീകരിക്കുകയും കൊതുക് വളരാൻ സാദ്ധ്യതയുള്ളിടങ്ങളിൽ മരുന്ന് തളിക്കുകയുമാണ് മഴക്കാല പൂർവ്വ ശുചീകരണത്തിൽ നടത്താറുള്ളത്. ഒരു ഡിവിഷന് മൂന്ന് ലക്ഷം രൂപയാണ് ഇതിനായി നഗരസഭ അനുവദിച്ചത്. സാധാരണ ജനുവരിയിൽ നടക്കുന്ന ഈ ശുചീകരണം ഇത്തവണ നടന്നത് മേയ് മാസത്തിലാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത് വലിയ കാനകളുടെ ശുചീകരണത്തിന് ഫണ്ട് അനുവദിക്കാൻ വിലങ്ങുതടിയായി. കോൺട്രാക്ടർമാരുടെ സമരവും മെല്ലെപ്പോക്കും ചെറിയകാനകൾ ശുചീകരിക്കാത്തതിന് കാരണങ്ങളായി. എന്നാൽ ശുചീകരണം നടന്ന കാനകളിലും തള്ളുന്ന പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്ന് നഗരസഭാധികൃതർ ചൂണ്ടിക്കാട്ടുന്നു. അതേസമയം,​ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ ശുചീകരിക്കുന്നത് ചിലയിടങ്ങളിൽ ഫലപ്രദമായിട്ടില്ല.

നഗരസഭയുടെ വാദങ്ങൾ

"ചെറിയ കാനകളുടെ ശുചീകരണം നടത്താൻ കോൺട്രാക്ടർമാരെ മാസങ്ങൾക്ക് മുമ്പ് ഏൽപ്പിച്ചതാണ്. എന്നിട്ടും കാലങ്ങളായി തുടരുന്ന മെല്ലെപ്പോക്കാണ് അവർ സ്വീകരിച്ചത്. "

പ്രതിഭാ അൻസാരി

ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

" കോൺട്രാക്ടർമാർ ജോലി കൃത്യമായി ചെയ്തു. പശ്ചിമകൊച്ചിയിൽ നാട്ടുകാർ എതിർക്കുന്നതിനാൽ അവിടെ പണിയെടുക്കാൻ കോൺട്രാക്ടർമാർക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ നഗരത്തിലെ എല്ലാ കാനകളും ശുചിയാക്കിയിരുന്നു."

പി.എം ഹാരിസ്

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ