ആലുവ: കൊട്ടും കുരവയുമില്ലാതെ ശ്രീ പെരുമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ അപൂർവ വിവാഹം .. ട്രാൻസ്ജെൻഡറുകളായ തിരുവനന്തപുരം സ്വദേശി ഹൃദിക്കും മഞ്ചേശ്വരം സ്വദേശിനിയായ തൃപ്തി ഷെട്ടിയുമാണ് രാവിലെ 9.30നും 10.30നുമുള്ള ശുഭമുഹുർത്തത്തിൽവിവാഹിതരായത്.സാക്ഷികളായി വിരലിൽ എണ്ണാവുന്നവർ മാത്രം.
ക്ഷേത്രം മേൽശാന്തി മാടവന ഇല്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികനായിരുന്നു.ഇരുവരും ചേർന്ന് ക്ഷേത്രനടയിൽ നെൽപ്പറ നിറച്ച ശേഷം ശ്രീകോവിലിൽ മേൽശാന്തി പൂജിച്ച താലിമാല ഹൃത്വിക്ക് തൃപ്തി ഷെട്ടിയെ അണിയിച്ചു. ഇരുവരുടെയും വീട്ടുകാരോ ബന്ധുക്കളോ ചടങ്ങിനെത്തിയിരുന്നില്ല. തിരുവനന്തപുരം പെരുങ്ങുഴി ഇടഞ്ഞിമൂല ബേബി നിവാസിൽ ഷാജിയുടെ മകനായ ഹൃദിക്ക് ഓൺലൈൻ പരിഭാഷ രംഗത്ത് പ്രവർത്തിക്കുന്നു. മഞ്ചേശ്വരം സ്വദേശിനിയായ തൃപ്തി ഷെട്ടി എറണാകുളം പച്ചാളം റോഡിലാണ് താമസം. കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ വിദഗ്ദ്ധയായ തൃപ്തി ഷെട്ടി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഹൃദിക്കുമായി പരിചയത്തിലായത്.
.വൈകിട്ട് അടുത്ത സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും ഒരുക്കിയിരുന്നു.. കുട്ടികളെ ദത്തെടുക്കാനാണ് ആഗ്രഹമെന്ന് ഇവർ പറഞ്ഞു. ഒരു വർഷം മുമ്പ് ട്രാൻസ്ജെൻഡറുകളായ ഇഷാനും സൂര്യയും വിവാഹിതരായിരുന്നു.