കൊച്ചി: കോർപ്പറേഷൻ ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ചിലവന്നൂർ കായൽ കൈയേറ്റത്തെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തണമെന്ന് സി.പി.എം നേതാവും മുൻ ഡെപ്യൂട്ടി മേയറുമായ സി.കെ.മണിശങ്കർ ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാതപഠനം നടത്താതെ കാരണക്കോടം കനാൽ സുഭാഷ് ചന്ദ്രബോസ് റോഡരി​കിൽ മൂടിയതും കായലിന്റെ മദ്ധ്യഭാഗം മുതൽ ബണ്ട് കെട്ടി നികത്തിയതും ഗുരുതരമായ ഭവിഷ്യത്തുകൾ വരുത്തിവയ്ക്കും. കലൂർ സ്റ്റേഡിയം മുതൽ തെക്കോട്ടുള്ള ആയിരക്കണക്കിന് വീടുകളും ഫ്ളാറ്റുകളും ഇതുമൂലം വെള്ളത്തിലാകും. എളംകുളം, കുഡുംബി കോളനി, ജവഹർ നഗർ, കുമാരനാശാൻ നഗർ, പാലാതുരുത്ത്, ഐക്യനഗർ, തമ്മനം എ.കെ.ജി കോളനി,പൈപ്പ്ലൈൻ കോളനി, കതൃക്കടവ്, കാരണക്കോടം, കലൂർ പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാകുമെന്ന് മണിശങ്കർ ചൂണ്ടി​ക്കാട്ടി​.