കൊച്ചി : പിണറായി വിജയൻ സർക്കാരിന്റേത് പ്രോഗ്രസ് റിപ്പോർട്ടല്ലെന്നും മറിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടാണെന്നും ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മേഖലകളെയും കൊന്നതിന്റെ റിപ്പോർട്ടാണിത്. സർക്കാരിന്റെ കാർഷിക നയങ്ങൾ മൂലം 18 കർഷകരാണ് ആത്മഹത്യചെയ്തത്. എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ ഒന്നുപോലും നടപ്പാക്കാൻ ഈ സർക്കാരിനായിട്ടില്ല. മിച്ചഭൂമി പിടിച്ചെടുക്കുമെന്നായിരുന്നു പ്രകടന പത്രികയിൽ വീമ്പിളക്കിയിരുന്നത്. പിണറായി സർക്കാർ എവിടെയെങ്കിലും ഭൂമി പിടിച്ചെടുത്തോ? ഭൂരഹിതർക്ക് കൊടുത്തോ? 6 മാസത്തിനുള്ളിൽ ഡേറ്റ ബാങ്ക് പൂർണമായി പ്രസിദ്ധീകരിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം.അതും നടപ്പായില്ല. നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന് നിയമത്തിൽ വെള്ളം ചേർത്തു. ഹാരിസൺ കേസിൽ എന്തുചെയ്തുവെന്ന് സർക്കാർ വ്യക്തമാക്കണം. യു.ഡി.എഫും എൽ.ഡി.എഫും അഴിമതിയിൽ ഒത്തുതീർപ്പ് നടപ്പാക്കിയതാണ് അവരുടെ വലിയനേട്ടം. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ 42 കടുംവെട്ട് തീരുമാനങ്ങൾ അന്വേഷിക്കാനും പഠിക്കാനും എ.കെ. ബാലൻ അദ്ധ്യക്ഷനായി സമിതിയെവച്ചു. എന്നാൽ സമിതിയുടെ റിപ്പോർട്ട് പൂഴ്ത്തിവച്ചതിനു പിന്നിലും ഇവർ തമ്മിലുള്ള ഒത്തുതീർപ്പ് പ്രകടമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസും പങ്കെടുത്തു.