കൊച്ചി : അറബിക്കടലിലെ ന്യൂനമർദ്ദം കൊടുങ്കാറ്റായി മാറിയതോടെയും അണക്കെട്ടുകൾ തുറന്നതോടെയും ജില്ലയിലെമ്പാടും കനത്ത ജാഗ്രത. കടലിലും കരയിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ നേരിടാൻ അധികൃതർ മുന്നൊരുക്കം തുടങ്ങി.

ലക്ഷദ്വീപിനോട് ചേർന്ന് അറബിക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ ഈ മാസം ഒമ്പതിന് രൂപപ്പെട്ട ന്യൂനമർദ്ദമാണ് കൊടുങ്കാറ്റായത്. കേരളം, കർണാടകം, ലക്ഷദ്വീപ്, ബംഗാൾ എന്നിവിടങ്ങളെ കാറ്റ് ബാധിച്ചേക്കും. നാളെ വരെ ശക്തമായ കാറ്റടിക്കും. തിരമാലകളും ഉയരുമെന്നാണ് പ്രവചിക്കുന്നത്.

കടലിലെ മത്സ്യബന്ധന യാനങ്ങളോട് അടിയന്തരമായി തിരിച്ചെത്താൻ തീരദേശ സംരക്ഷണ സേന റേഡിയോ സന്ദേശം നൽകി.

# കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്

അറബിക്കടലിൽ രൂപപ്പെട്ട് കുതിക്കുന്ന കാറ്റ് 115 കിലോമീറ്റർ വരെ ശക്തിയിലെത്തും. കേരള തീരത്തെത്തുമ്പോൾ 40മുതൽ 50 വരെ കിലോമീറ്ററായേക്കും.

കേരള തീരത്ത് 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടിട്ടുണ്ട്. പൊഴിയൂർ മുതൽ കാസർകോട് വരെ തിരമാല ആഞ്ഞടിക്കും. ഇന്ന് അർദ്ധരാത്രി വരെ തുടർന്നേക്കും.

# ജാഗ്രതാ നിർദ്ദേശം

ട്രോളിംഗ് നിരോധന കാലമായതിനാലും കടൽ ക്ഷോഭിച്ചതിനാലും കാര്യമായ മത്സ്യബന്ധനം നടക്കുന്നില്ല. വള്ളങ്ങളിൽ ചിലർ പോയെങ്കിലും തിരിച്ചുവന്നിട്ടുണ്ട്. എങ്കിലും ഒന്നു രണ്ടു ദിവസത്തേയ്ക്ക് ആരും കടലിൽ പോകരുതെന്ന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അസിസ്റ്റന്റ് ഡയറക്ടർ

ഫിഷറീസ് സ്റ്റേഷൻ

വൈപ്പിൻ

# അണക്കെട്ടുകൾ തുറന്നു

ലോവർ പെരിയാർ പദ്ധതിയുടെ ഭാഗമായ പാംബ്ള അണക്കെട്ട് ഇന്നലെ തുറന്നു. രണ്ടു ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. കിഴക്കൻ മേഖലയിൽ പെരിയാർ വഴി വെള്ളം ഒഴുകിയെത്തും. ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് മലങ്കര അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം തുറന്നു. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.