പെരുമ്പാവൂർ: കൂവപ്പടി ബത്‌ലഹേം അഭയഭവനിലെ അന്തേവാസികൾക്ക് സ്നേഹവും സാന്ത്വനവും പകർന്നുനൽകാൻ പൊലീസുകാരെത്തി. വിശേഷങ്ങൾ പങ്കുവച്ചും സങ്കടങ്ങൾ കേട്ടും ആശ്വസിപ്പിച്ചും പൊലീസ് ഉദ്യോഗസ്ഥർ ചേർന്നപ്പോൾ അന്തേവാസികൾക്ക് നവ്യാനുഭവമായി. സമനില തെറ്റിയവർ, എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കേണ്ടി വന്നവർ, വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടവർ... അങ്ങനെ നിരവധി പേരാണ് അഭയഭവനിലുള്ളത്. അവരോടൊപ്പം ഒരു പകൽ മുഴുവൻ പൊലീസുകാർ ചെലവഴിച്ചു. പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
പലർക്കും പൊലീസിനോട് പറയാനേറെയുണ്ടായിരുന്നു. മക്കളെ കഷ്ടപ്പെട്ടു വളർത്തിയത്, വീട്ടിൽ നിന്നും ഇറക്കി വിട്ടത്, വയസായപ്പോൾ ആർക്കും വേണ്ടാതായത് അങ്ങനെ നൂറൂനൂറു സങ്കടങ്ങൾ. പലരും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. നിങ്ങൾക്ക് എന്തുവിഷമങ്ങൾ ഉണ്ടെങ്കിലും ഞങ്ങളോട് പറയാമെന്നും സഹായത്തിനായി ഒരു വിളിപ്പാടകലെ എപ്പോഴും കൂടെ ഉണ്ടാകുമെന്നും ഉറപ്പ് നൽകിയും സമ്മാനങ്ങൾ പങ്കുവച്ചുമാണ് ഉദ്യോഗസ്ഥർ പിരിഞ്ഞത്.
കോടനാട് സി.ഐ. അജേഷ്‌കുമാർ, ഇ.കെ. അബ്ദുൾ ജബ്ബാർ, എം.വി. സനിൽ , സാബു ജോൺ, സിറാജ് ഫരീദ്, എം.ആർ. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതിലേറെ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.