കൊച്ചി : ഗുജറാത്തിലെ വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനും മലയാളിയുമായ ജോൺ ഗീവർഗീസിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'ഐതിഹാസിക ജീവിതം' 14 ന് പ്രകാശനം ചെയ്യും. എഴുത്തുകാരായ എസ്.ഡി. ദേശായി, അദിതി ശുക്ല ഫോസ്ദർ എന്നിവർ ഇംഗ്ലീഷിലും കാജൽ ഓസ വൈദ്യ ഗുജറാത്തിയിലും പ്രസിദ്ധീകരിച്ച കൃതികളുടെ മലയാള പതിപ്പ് ജയരാമൻ കടമ്പാട്ടാണ് രചിച്ചത്.
വൈകിട്ട് 6.30 ന് ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ ജസ്റ്റിസ് ജെ.ബി. കോശി, കർദിനാൾ ജോർജ് ആലഞ്ചേരി, ഡോ. റസൂൽ പൂക്കുട്ടി, കുര്യൻ ജോൺ മേളാംപറമ്പിൽ, ഡോ. ജാൻസി ജെയിംസ്, ഡോ. കെ.എസ് . രാധാകൃഷ്ണൻ, എബ്രഹാം തോമസ്, ടി.പി.എം. ഇബ്രാഹിംഖാൻ, സി.എ. എബ്രഹാം തോമസ്, ഏഷ്യ ചാരിറ്റബിൾ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.പി. ചന്ദ്രൻ എന്നിവർ പങ്കെടുക്കും. ഏഷ്യ ട്രസ്റ്റിന്റെ കേരളത്തിലെ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
പത്തനംതിട്ടയിലെ ഏനാത്ത് ജനിച്ച ജോൺ ഗീവർഗീസ് 1960 ൽ അഹമ്മദാബാദിൽ താമസമാക്കി. 1971 ൽ സെയിൽസ് ഇന്ത്യ എന്ന ഗൃഹോപകരണങ്ങളുടെ വില്പന സ്റ്റോർ ആരംഭിച്ചു. 1994 ൽ ഏഷ്യ ചാരിറ്റബിൾ ട്രസ്റ്റ് (എ.സി.ടി) ആരംഭിച്ചു. സി.ബി.എസ്.ഇ സ്‌കൂളുകളും 25 കോളജുകളും ട്രസ്റ്റ് നടത്തുന്നു.
വാർത്താസമ്മേളനത്തിൽ ടി.പി.എം ഇബ്രാഹിംഖാൻ, സി.എ. എബ്രഹാം തോമസ്, എം.പി. ചന്ദ്രൻ, കെ.എം. ഹാരിസ്, സാജു കുര്യൻ എന്നിവർ പങ്കെടുത്തു