കൊച്ചി : ''ഏതു വൈദ്യുതി ലൈനും എപ്പോഴും പൊട്ടി വീഴാവുന്ന അവസ്ഥയിലാണ്. ആർക്കും എന്തും സംഭവിക്കാം. ഇത്തരം സംഭവങ്ങളെ അതീവഗൗരവമായി കാണണം. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ സമഗ്ര മാർഗങ്ങൾ കണ്ടെത്തണം.'' തിരുവനന്തപുരം പേട്ടയിൽ വൈദ്യുതാഘാതമേറ്റ് രണ്ടു പേർ മരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വമേധയാ ഹർജി ഫയലിൽ സ്വീകരിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രജിസ്ട്രിയോട് നിർദ്ദേശിച്ചതിനൊപ്പം നടത്തിയ നിരീക്ഷണമാണിത്.
വൈദ്യുതി ലൈനുകൾ പൊട്ടിവീണ് അപകടങ്ങളും മരണങ്ങളും ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സമഗ്രമായ പദ്ധതികൾ നടപ്പാക്കാൻ കെ.എസ്.ഇ.ബിക്ക് ഹൈക്കോടതി കർശന നിർദ്ദേശം നൽകുകയും ചെയ്തു.
രണ്ടു പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനല്ല ഉത്തരവിടുന്നത്. അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ്. ഹർജിയിൽ ചീഫ് സെക്രട്ടറിയെയും കെ.എസ്.ഇ.ബി സെക്രട്ടറിയെയും കക്ഷി ചേർക്കണം. കേസ് ഫയലുകൾ രജിസ്ട്രി ചീഫ് ജസ്റ്റിസിന് സമർപ്പിക്കണം. മഴക്കാലത്ത് നടപടി പ്രസക്തവും നിർണായകവുമാണെന്ന് ഉത്തരവിൽ പറയുന്നു.
പൊലിഞ്ഞത് രണ്ടു ജീവനുകൾ
പേട്ട പുള്ളി ലെയ്നിൽ നിന്ന് ചാക്ക സ്കൂളിന് സമീപത്തെ ഇടവഴിയിലാണ് തിങ്കളാഴ്ച പുലർച്ചെ അപകടമുണ്ടായത്. വെള്ളം കെട്ടിക്കിടന്നിടത്താണ് ത്രീ ഫേസ് വൈദ്യുതി ലൈൻ പൊട്ടിവീണത്. ഇതറിയാതെ വന്നവരാണ് വെള്ളത്തിൽ ചവിട്ടിയപ്പോൾ ഷോക്കേറ്റു മരിച്ചത്. മൂന്നാം മനയ്ക്കൽ കാവടിയിൽ പ്രസന്നകുമാരി (65), പുള്ളി ലെയ്നിൽ രാധാകൃഷ്ണൻ ആചാരി (70) എന്നിവരാണ് മരിച്ചത്. അപകടം സംബന്ധിച്ച മാദ്ധ്യമ വാർത്തകളുടെയും പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.