മൂവാറ്റുപുഴ: നിപ പ്രതിരോധ പരിപാടികളുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിൽ വിവിധ പ്രചാരണ പരിപാടികൾ സജീവമായി. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അംഗൻവാടി, ആശാ വർക്കർമാർ അദ്ധ്യാപകർ തുടങ്ങിയവർക്കായി വിവിധ ബോധവത്കരണ ക്ലാസുകൾ നടന്നു. ബ്ലോക്കുതല ബോധവത്കരണ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ, ഡോ. ഇന്ദു എന്നിവർ ക്ലാസ് നയിച്ചു.
ആരക്കുഴ, മഞ്ഞള്ളൂർ, മാറാടി, ആവോലി പഞ്ചായത്തുകളിൽ പഞ്ചായത്ത് തല ബോധവത്കരണ പരിപാടികൾ പൂർത്തിയായി. മറ്റ് പഞ്ചായത്തുകളിൽ ഇന്നും നാളെയുമായി പൂർത്തിയാക്കും. ബ്ലോക്ക് പരിധിയിലെ 90 സ്‌കൂളുകളിലും അതിഥി തൊഴിലാളികൾക്കിടയിലും പ്രത്യേക പ്രചാരണം നടത്തുന്നുണ്ട്. പനി ബാധിത മേഖലകളിൽ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തി.