മൂവാറ്റുപുഴ: 13 വർഷമായി വെള്ളക്കരം അടയ്ക്കാത്തതിനെ തുടർന്ന് നഗരസഭയുടെ സത്രം കോംപ്ലക്സിലേക്കുള്ള വാട്ടർ കണക്‌ഷൻ ജല അതോറിറ്റി വിച്ചേദിച്ചു. ഇതുമൂലം ഒരാഴ്ചയായി സത്രം കോംപ്ലക്സിലെ നാല്പതോളം വ്യാപാരികൾ ദുരിതത്തിലായി. 7.45 ലക്ഷം രൂപയാണ് കുടിശിക. ഇതു നഗരസഭ ജല അതോറിറ്റിയിൽ അടയ്ക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. എന്നാൽ വെള്ളം ഉപയോഗിച്ചത് വ്യാപാരികളായതിനാൽ വെള്ളക്കരം അടക്കാനുള്ള ഉത്തരവാദിത്വവും ഇവർക്കാണെന്ന നിലപാടിലാണ് നഗരസഭാ അധികൃതർ. കുടിശിക അടച്ചുതീർക്കാതെ വെള്ളം നൽകില്ലെന്ന് ജല അതോറിറ്റി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
അറുപതോളം മുറികളുള്ള നഗരസഭ സത്രം കോംപ്ലക്സിൽ നാല്പതോളം മുറികളിലാണ് വ്യാപാരം നടക്കുന്നത്. ഇവിടെ അക്ഷയകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. പലരും ഉച്ചകഴിഞ്ഞാൽ കടയടക്കുകയാണ്. പലവട്ടം പരാതി നൽകിയില്ലെങ്കിലും ഭീമമായ തുക നൽകാനാകില്ലെന്ന നിലപാടിലാണ് നഗരസഭാ അധികാരികൾ. 60 മുറികളുള്ളതിൽ ഇരുപതോളം മുറികൾ അജ്ഞാതരായ ചിലർ കൈയടക്കിയിരിക്കുകയാണെന്നും വാടക ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഈ മുറികൾ ഗോഡൗണായും മറ്റും പലരും വർഷങ്ങളായി ഉപയോഗിക്കുകയാണ്.