കൊച്ചി: മന്നം മുതൽ ചെറായി വരെ 110 കെ.വി. ലൈൻ വലിക്കുന്നതിനായി ഉടമസ്ഥന്റെ അസാന്നിധ്യത്തിൽ വസ്തുവിന്റെ ചുറ്റുമതിൽ പൊളിച്ച് ഫലവൃക്ഷങ്ങൾ നശിപ്പിച്ച വൈദ്യുതി ബോർഡ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് ഉടമസ്ഥന് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചു.
ലൈൻ വലിക്കുകയും ടവർ നിർമ്മിക്കുകയും ചെയ്‌ത സ്ഥലത്തിനും ഇതിനു വേണ്ടി നശിപ്പിച്ച മരങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാലുടൻ നിയമപ്രകാരം നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനിയർ കമ്മീഷനെ അറിയിച്ചു. നോർത്ത് പറവൂർ നന്ത്യാട്ടുകുന്നം സ്വദേശി എൻ. ഹരിഹരൻ പിള്ള സമർപ്പിച്ച പരാതിയിൽ അനന്തരനടപടികൾക്ക് കമ്മിഷൻ അദ്ധ്യയക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് എറണാകുളം ഡെപ്യൂട്ടി ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകിയിരുന്നു.
പരാതിക്കാരൻ മകൾക്ക് നൽകിയ 22 സെന്റ് സ്ഥലത്താണ് ലൈൻ വലിച്ചത്. വസ്തുവിന്റെ പ്രവേശന കവാടത്തിൽ ടവർ സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായി എ.ഡി.എമ്മിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ബോർഡ് കമ്മീഷനെ അറിയിച്ചു. വ്യക്തിപരമായ എതിർപ്പിനെക്കാൻ ലൈൻ വലിക്കുന്നതു വഴി പൊതുജനങ്ങൾക്കുണ്ടാവുന്ന ഗുണഫലമാണ് കണക്കിലെടുത്തത്. പരാതിക്കാരന് സോട്ടീസ് നൽകിയ ശേഷമാണ് മതിൽ പൊളിച്ചത്. ഇത് സംബന്ധിച്ച് യാതൊരു സ്റ്റേ ഉത്തരവുകളും നിലവിലില്ല. ടവർ നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.