മൂവാറ്റുപുഴ: നിയുക്ത എം.പി ഡീൻ കുര്യാക്കോസ് അമ്മമാരുടെ അനുഗ്രഹം തേടി മൂവാറ്റുപുഴ മുറിക്കല്ലിലെ സ്‌നേഹവീട്ടിൽ എത്തി. യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാനായി എത്തിയ ഡീൻ അമ്മമാർക്ക് ഭക്ഷണം വിളമ്പി നൽകി അവരോടൊപ്പം വിശേഷങ്ങൾ പങ്കിട്ടു.
നഗരസഭാ അതിർത്തിയിലെ മുറിക്കല്ലിൽ പ്രവർത്തനരഹിതമായിക്കിടന്ന വൃദ്ധസദനം സ്‌നേഹംട്രസ്റ്റ് എന്ന സംഘടന ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചിട്ട് 4 വർഷം പൂർത്തിയാവുന്നു. നഗരസഭയുടെയോ സർക്കാരിന്റെയോ സഹായമില്ലാതെ സുമനസുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇവിടെ 25 അന്തേവാസികളുണ്ട്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ, ജനറൽ ആശുപത്രി, ആർ.ഡി ഓഫീസ് എന്നിവിടങ്ങളിൽ വിവിധ സാഹചര്യങ്ങളിൽ അശരണരായി എത്തുന്നവർ, തെരുവിൽ അലയുന്നവർ തുടങ്ങിയവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന വൃദ്ധസദനത്തിന് നേതൃത്വം നൽകുത് നഗരസഭാ കൗൺസിലർ കെ.ബി. ബിനീഷ്‌കുമാറാണ്. ഈ സ്ഥാപനം സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും എല്ലാ സഹായങ്ങളും ഡീൻ കുര്യാക്കോസ് ഉറപ്പുനൽകി. അമ്മമാരുടെ അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. യൂത്ത് കോഗ്രസ് ഭാരവാഹികളായ സച്ചിൻ സി. ജമാൽ, സമീർ കോണിക്കൽ, ഫൈസൽ മംഗലശേരിൽ എന്നിവരും ഉണ്ടായിരുന്നു.