സ്വകാര്യ ബസുകൾ പെർമിറ്റ് തെറ്റിച്ച് സർവീസ് നടത്തുന്നതായി പരാതി
നെടുമ്പാശേരി: അത്താണി വഴി പറവൂർ - അങ്കമാലി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ വിദ്യാർഥികളെ ഒഴിവാക്കാൻ പെർമിറ്റ് തെറ്റിച്ച് സർവീസ് നടത്തുന്നതായി പരാതി. ഇത് മൂലം അത്താണി - ചെമ്പന്നൂർ റൂട്ടിൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാർഥികളടക്കം നൂറ് കണക്കിന് യാത്രക്കാർ വലയുന്നു.
സ്‌കൂൾ തുറക്കുന്നതിന് മുമ്പും പല ബസുകളും ഇന്ധനം ലാഭിക്കാൻ ഗ്രാമ പ്രദേശങ്ങളെ ഒഴിവാക്കിയാണ് സർവീസ് നടത്തിയതെന്നും, കൂടുതൽ സമയം കാത്തിരുന്നാണ് ഏതെങ്കിലും ബസുകൾ വരുമ്പോൾ അതിൽ കയറി നാട്ടുകാർ സഞ്ചരിച്ചിരുന്നത്. അഞ്ച് മിനിറ്റ് ഇടവിട്ടായിരുന്നു പ്രദേശത്ത്കൂടി സ്വകാര്യ ബസുകൾ സഞ്ചരിച്ചിരുന്നത്. വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരുമടങ്ങുന്ന യാത്രക്കാർ പൊലീസിലും, ബന്ധപ്പെട്ട അധികാരികൾ മുമ്പാകെയും പ്രശ്‌നം അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
നടപടിയെടുക്കാതെ അധികൃതർ: പരാതിയുമായി നാട്ടുകാർ
സ്‌കൂൾ തുറന്നതോടെ ഒട്ടുമിക്ക ബസുകളും ഹൈവെയിലൂടെയാണ് സർവീസ് നടത്തുന്നതെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന പരാതി.അത്താണി തുരുത്തിശ്ശേരി സ്‌കൂൾ കവല മുതൽ കാരയ്ക്കാട്ടുകുന്ന്, ആനപ്പാറ, പള്ളിപ്പടി, ചെമ്പന്നൂർ, ബോംബെ മിൽസ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് പ്രധാനമായും വലയുന്നത്. രണ്ട് ബസുകൾക്ക് മാത്രമാണ് ദേശീയപാതയിലൂടെ സഞ്ചരിക്കാൻ താൽക്കാലിക പെർമിറ്റുള്ളത്. വല്ലപ്പോഴും ചില ബസുകൾ മാത്രമാണ് സമയനിഷ്ഠയും, റൂട്ടും പാലിച്ച് സർവീസ് നടത്തുന്നതെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഗ്രാമ പ്രദേശങ്ങളെ ഒഴിവാക്കി പെർമിറ്റില്ലാത്ത ബസുകൾ ദേശീയപാതയിലൂടെ സഞ്ചരിച്ചാൽ വിദ്യാർത്ഥികളെ അണിനിരത്തി ബസ് തടയും .
പോളച്ചൻ മൂലൻ, ബഹനാൻ പൈനാടത്ത്
ബസ് യാത്രക്കാരുടെ കൂട്ടായ്മ പ്രതിനിധികൾ