കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ എം പാനൽ പെയിന്റർമാരെ 30 നകം പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 180 ദിവസത്തിനുശേഷം ജോലി തുടരാൻ അവർക്ക് നിയമപരമായി അർഹതയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. റാങ്ക് ലിസ്റ്റിലുള്ളവർക്ക് പകരം നിയമനം നൽകണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല.
താത്ക്കാലികക്കാരെ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം നൽകാനുള്ള സിംഗിൾ ബെഞ്ച് വിധിക്കെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയിലാണ് ഉത്തരവ്. താത്ക്കാലിക ജീവനക്കാർക്ക് നിയമപരമായി അനുവദിച്ച കാലാവധി അവസാനിച്ചാൽ പിരിച്ചുവിടണമെന്ന എം പാനൽ കണ്ടക്ടർമാരുടേയും ഡ്രൈവർമാരുടേയും കേസിലെ സുപ്രീംകോടതി ഉത്തരവും ഉദ്ധരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. ജീവനക്കാർ കുറവുള്ളപ്പോൾ പകരക്കാരെ നിയമിക്കാനുള്ള അധികാരം ദുരുപയോഗിച്ചാണ് തുടരാൻ അനുവദിക്കുന്നത്. ഈ അധികാരം എംപാനലുകാരെ നിലനിറുത്താൻ തന്ത്രമാക്കരുത്.
90 താത്ക്കാലിക പെയിന്റർമാരെയാണ് ചട്ടം ലംഘിച്ച് നിലനിറുത്തിയത്. 2017 ഓക്ടോബർ 22 ന് പെയിന്റർ റാങ്ക് പട്ടികയുടെ കാലാവധി കഴിയുേമ്പാൾ 70 ഒഴിവുണ്ടായിരുന്നിട്ടും ഒരൊഴിവ് മാത്രമാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതെന്ന് റാങ്ക് പട്ടികയിലുണ്ടായിരുന്ന ഹർജിക്കാർ ചൂണ്ടിക്കാട്ടി. ആരെയും നിയമിക്കാത്തതിന് കാരണം വ്യക്തമല്ലെന്ന് കോടതി പറഞ്ഞു.
അടിയന്തര ഘട്ടങ്ങൾ നേരിടാൻ നൽകിയ അനുമതി സംബന്ധിച്ച സുപ്രീം കോടതി പരാമർശവും ദുരുപയോഗം ചെയ്ത് ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് താത്ക്കാലികക്കാരെ നിലനിറുത്തുന്നത്. ഏതു കാരണം പറഞ്ഞായാലും ഇവരെ തുടരാൻ അനുവദിക്കുന്നത് അപലപനീയമാണ്.
വളഞ്ഞ വഴിയിൽ നിയമനങ്ങൾക്ക് ശ്രമിക്കരുത്. റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം നൽകണമെന്ന് കോടതിക്ക് നിർദേശിക്കാനാവില്ല. റാങ്ക് പട്ടിക കാലഹരണപ്പെട്ടതുമാണ്. റിപ്പോർട്ട് ചെയ്തെന്ന് പറയുന്ന ഒരു ഒഴിവിൽ പോലും നിയമനം നടത്തേണ്ടത് കെ.എസ്.ആർ.ടി.സിയാണ്. എംപാനൽ ജീവനക്കാർ ജോലി ചെയ്യുന്നതും ഒഴിവുകൾ ഉണ്ടെന്നതും നിയമന അധികാരത്തിനുള്ള കാരണങ്ങളല്ല.
ചട്ടപ്രകാരമല്ലാതെ 180 ദിവസത്തെ കാലാവധി പൂർത്തിയാക്കിയ ജീവനക്കാരനെ അതേ തസ്തികയിലേക്ക് വീണ്ടും നിയമിക്കരുത്. പിരിച്ചുവിടുന്നതിനെ തുടർന്നുണ്ടാകുന്ന ഒഴിവുകൾ നികത്താൻ ഉചിതമായ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.