പുറത്തു കടക്കാൻ വഴിയില്ലാതെ കടമക്കുടിക്കാർ
കൊച്ചി: കടമക്കുടി - വരാപ്പുഴ റോഡിലെ പ്രധാന പാലത്തിന്റെ അപ്രോച്ച് റോഡ് വീണ്ടും തകർന്നു.പാലത്തിലൂടെയുള്ള ഗതാഗതം രണ്ടു ദിവസത്തേക്ക് നിരോധിച്ചു.റോഡിൽ തത്‌ക്കാലം മെറ്റൽ നിറച്ച് രണ്ടു ദിവസത്തിനകം ടൈൽ പാകി ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് നീക്കം.അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളും ബലപ്പെടുത്തുന്ന ജോലികൾക്കായി പൊതുമരാമത്ത് ബ്രിഡ്‌ജസ് വിഭാഗം എസ്‌റ്റിമേറ്റ് തയ്യാറാക്കും. മഴ കഴിയുന്നതോടെ ജോലികൾ തുടങ്ങും.
വരാപ്പുഴയിൽ നിന്ന് രണ്ടരകിലോമീറ്റർ ദൂരത്തിലുള്ള കടമക്കുടിയിലെ പുതുശേരി സ്‌ളൂയിസ് കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡാണ് തകർന്നത്. കഴിഞ്ഞ പ്രളയ സമയത്താണ് റോഡിന്റെ ഇരുവശങ്ങളിലും വിള്ളൽ രൂപപ്പെട്ടത്.കുത്തൊഴുക്കിൽ വലിയ കരിങ്കല്ലും മണ്ണും പൂർണമായി ഒലിച്ചു പോയി.തകർന്ന ഈ ഭാഗത്ത് വലിയ മെറ്റൽ നിറച്ച് ടൈൽ പാകി താത്കാലികമായി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.കുത്തൊഴുക്കുള്ള ഈ ഭാഗത്ത് റോഡിന്റെ അടിയിലെ മണ്ണ് വീണ്ടും ഒലിച്ചു പോയതാണ് തകർച്ചയ്‌ക്ക് കാരണമായത്.
ചെലവ് 1.27 കോടി
2002 ൽ മൈനർ ഇറിഗേഷൻ വകുപ്പ് അനുവദിച്ച 1.27 കോടി രൂപയ്‌ക്കാണ് പാലം നിർമ്മിച്ചത്.വേനൽക്കാലത്ത് പോലും ശക്തമായ കുത്തൊഴുക്കുള്ളതിനാലാണ് സ്‌ളൂയിസ് കം ബ്രിഡ്‌ജ് നിർമ്മിച്ചത്. എന്നാൽ, ഒഴുക്ക് തടയുന്ന തരത്തിൽ ഷട്ടറുകളൊന്നുമില്ലാതെയായിരുന്നു നിർമ്മാണം. മൂന്നു വർഷങ്ങൾക്ക് ശേഷം പാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗം അകന്നു.ഇപ്പോൾ പാലവും റോഡും ചേരുന്ന ഭാഗത്തെ അകൽച്ച കൂടി. കൈവരിയിലെ ഭാഗത്തെ വിള്ളൽ ആശങ്ക ഉയർത്തുന്നു.
കടമക്കുടിക്കാരുടെ ഏക ആശ്രയം
കടമക്കുടിയിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾക്ക് പുറത്തു കടക്കാനുള്ള ഏക മാർഗം ഈ പാലമാണ്. ഗതാഗതം നിരോധിച്ചതോടെ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ പലരും ദുരിതത്തിലായി. പാലത്തിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.