കടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂരിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എ.ടി.എം.കൗണ്ടർ പ്രവർത്തന രഹിതമായിട്ട് പത്തുമാസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാനാളില്ല. പ്രളയത്തിൽ മുങ്ങിയതിനെ തുടർന്ന് കേടായ ഈ എ.ടി.എം പ്രദേശത്തെ എസ്.ബി.ഐയുടെ ഏക എ.ടി.എം.കൗണ്ടറായിരുന്നു.
നിരവധി പെൻഷൻകാരും ക്ഷേമപെൻഷൻകാരും ആശ്രയിച്ചിരുന്നതാണിവിടെ. ഇപ്പോൾ നാലുകിലോമീറ്റർ അകലെയുള്ള മുപ്പത്തടത്തെ എ.ടി.എമ്മിനെയാണ് ഇവർ ആശ്രയിക്കുന്നത്.
അടിയന്തിരമായി എ.ടി.എം.കൗണ്ടർ പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പൗരവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി ബാങ്ക് അധികാരികൾക്ക് പരാതി നൽകി.പറവൂർ കവല എസ്.ബി.ഐയുടെ കീഴിലുള്ളതാണ് പ്രവർത്തന രഹിതമായ എ.ടി.എം.