ശമ്പളം വൈകുന്നുവെന്ന പരാതിയുമായി പ്രൈവറ്റ് കോളേജ് അദ്ധ്യാപകർ (ഡെക്ക്)
കൊച്ചി: സ്കൂൾ തുറന്ന സമയത്ത് ശമ്പളം വൈകുന്നതിന്റെ സങ്കടത്തിലാണ് പ്രൈവറ്റ് കോളേജ് അധ്യാപകരും ജീവനക്കാരും. എറണാകുളത്തിന് സ്ഥിരം ഡെപ്യൂട്ടി ഡയറക്ടർ ഇല്ലാത്തതാണ് കഴിഞ്ഞ ഒന്നരമാസമായി ഇവരെ വലയ്ക്കുന്നത്. ശമ്പളവും മറ്റ് അലവൻസുകളും കയ്യിൽ കിട്ടുന്നത്
ഏറെ ദിവസങ്ങൾ വൈകിയാണ്.
ഉണ്ടായിരുന്ന ഡെപ്യൂട്ടി ഡയറക്ടർ കഴിഞ്ഞമാസം അഡീഷണൽ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച് തിരുവനന്തപുരത്തേക്ക് പോയതാണ് കാരണം. എറണാകുളം മഹാരാജാസ് പ്രിൻസിപ്പലിനായിരുന്നു ചുമതല. പ്രിൻസിപ്പൽ മൂന്ന്മാസമായി അവധിയായതിനാൽ വൈസ് പ്രിൻസിപ്പൽ ചുമതലയേറ്റെടുത്തു. കോളേജിലെ അധ്യാപനവും പ്രിൻസിപ്പൽ ജോലിയും നിർവഹിച്ചതിന് ശേഷമാണ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവാദിത്തവും നോക്കേണ്ടത്. കോളേജ് അഡ്മിഷൻ നടക്കുന്ന സമയമായതിനാൽ അതിന്റെ തിരക്കുമുണ്ട്. ഇക്കാരണങ്ങളാൽ തങ്ങളുടെ ശമ്പളബില്ലുകളും മറ്റും പാസാക്കി കിട്ടാൻ കാലതാമസം നേരിടുന്നുവെന്ന് പ്രൈവറ്റ് കോളേജ് അധ്യാപകരും ജീവനക്കാരും പറയുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് പ്രൈവറ്റ് കോളേജുകൾ.
എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിൽ 33 കോളേജുകളുണ്ട്. (എറണാകുളത്തെ 22, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ 11)
സർക്കാർ കോളേജിലെ പ്രിൻസിപ്പിലിന് പ്രമോഷൻ നൽകിയാണ് ഡെപ്യൂട്ടി ഡയറക്ടറെ നിയമിക്കുക. നിലവിൽ സീനിയോരിറ്റി തർക്കത്താൽ പ്രമോഷൻ നടക്കാത്തതാണ് നിയമനത്തിൽ കാലതാമസം സൃഷ്ടിക്കുന്നത്.
"സ്ഥിരം ഡെപ്യൂട്ടി ഡയറക്ടറെ എത്രയും വേഗം നിയമിക്കണം. അല്ലെങ്കിൽ സീനിയർ അക്കൗണ്ട്സ് ഓഫീസർക്ക് ചുമതല കൈമാറണം. "
മജീദ് .ടി.കെ
കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ, കൊച്ചി.
"കോളേജിൽ അഡ്മിഷൻ ആരംഭിച്ചതോടെ കുറച്ച് പ്രശ്നമുണ്ട്. ഈ വിഷയം ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിക്കഴിഞ്ഞു. ഉടൻ ഡെപ്യൂട്ടി ഡയറക്ടറെ നിയമിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി ഡയറക്ട്രേറ്റ് ഓഫീസിൽ മതിയായ ജീവനക്കാരില്ലെന്നാണ് അറിവ്. ഉള്ളവർ കഠിനശ്രമം നടത്തിയാണ് ശമ്പളബില്ലുകൾ പാസാക്കുന്നത്."
ഡോ.ജയ
മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പൽ
(ഡെപ്യൂട്ടി ഡയറക്ടർ ചുമതല)
ജില്ലയിലെ കോളേജുകൾ
ആലുവ - 4
പെരുമ്പാവൂർ- 3
അങ്കമാലി - 1
കോതമംഗലം - 1
മൂവാറ്റുപുഴ -1
എറണാകുളം - 7
പിറവം - 1
കോലഞ്ചേരി - 1
പറവൂർ- 2
തൃക്കാക്കര-1