പരീക്ഷണാർത്ഥം പുതിയ നിയന്ത്രണം നാളെ മുതൽ
ഫാസ്റ്റ് ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല, മലയോര ബസുകൾ നഗരം ചുറ്റില്ല.
ആലുവ: കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണത്തിന്റെ ഭാഗമായി നഗരത്തിൽ ബസുകൾക്ക് ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം നഗരത്തിൽ ഗതാഗതസ്തംഭനത്തിന് കാരണമായതോടെ കുരുക്കഴിക്കാൻ അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ബദൽ നിർദ്ദേശം. നാളെ മുതൽ 21 വരെ പരീക്ഷണാർത്ഥം ബദൽ നിർദ്ദേശം നടപ്പാക്കും.
കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസുകളുടേത് പോലെ ഫാസ്റ്റും പുതിയ നിർദ്ദേശപ്രകാരം നഗരത്തിൽ പ്രവേശിക്കില്ല. തൃശ്ശൂർ - എറണാകുളം ഭാഗങ്ങളിലേക്കുള്ള ബസുകൾ ദേശീയപാത വഴി മാത്രമാകും സർവീസ് നടത്തുക. തൃശ്ശൂരിൽ നിന്നും വരുന്ന ബസുകൾ മെട്രോ സ്റ്റേഷന് മുമ്പിൽ ആളെയിറക്കിയ ശേഷം മേൽപ്പാലം വഴി എറണാകുളത്തേക്ക് പോകും. എറണാകുളത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ പുളിഞ്ചോട് നിന്നും സമാന്തര റോഡ് വഴി ബൈപ്പാസിന് സമീപം തൈനോത്ത് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റണം.
ആലുവയിൽ സർവീസ് അവസാനിപ്പിക്കുന്ന പെരുമ്പാവൂർ, കീഴ്മാട് ഭാഗങ്ങളിൽ നിന്നും സീനത്ത് കവല വഴി വരുന്ന ബസുകളെല്ലാം പഴയ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കണം. തുടർന്ന് കെ.എസ്.ആർ.ടി.സി കവലയിൽ നിന്നും റൂട്ട് ബോർഡ് മാറ്റി യാത്രക്കാരെ കയറ്റി സ്വകാര്യ സ്റ്റാൻഡിലെത്തണം. കൂടുതൽ സമയം ഇടവേളയുണ്ടെങ്കിൽ അതേ ടിക്കറ്റിൽ ആദ്യം പോകുന്ന ബസിൽ കയറ്റി വിടണം. പറവൂർ, അങ്കമാലി ഭാഗത്ത് നിന്നും വരുന്ന ബസുകൾക്ക് ഉൾപ്പെടെ കെ.എസ്.ആർ.ടി.സി കവലയിൽ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും പ്രത്യേക പോയിന്റ് നിശ്ചയിക്കും. മടങ്ങിപ്പോകാൻ കൂടുതൽ സമയമുള്ള ബസുകളെല്ലാം സ്വകാര്യ സ്റ്റാൻഡിലെത്തി പാർക്ക് ചെയ്യണം. നഗരത്തിൽ കൂടുതൽ സൈൻ ബോർഡുകൾ സ്ഥാപിക്കും. ട്രാഫിക്ക് പൊലീസിനെയും വിന്യസിപ്പിക്കും.
എം.എൽ.എയ്ക്ക് പുറമെ കെ.എസ്.ആർ.ടി.സി സോണൽ മാനേജർ എം.ടി. സുകുമാരൻ, എ.ടി.ഒ ഷാജി കുര്യാക്കോ, ഡിവൈ.എസ്.പിഎം.ആർ. മധുബാബു, ട്രാഫിക്ക് എസ്.ഐ അബ്ദുൾ കെരീം, പ്രിൻസിപ്പൾ എസ്.ഐ പി.കെ. മോഹിത്, എ.എസ്.ഐ പി. സുരേഷ്, കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി യൂണിയൻ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
പൊലീസ് നിരീക്ഷണത്തിൽ
സമാന്തര റോഡ് ഉപേക്ഷിച്ച് മേൽപ്പാലം വഴി വരുന്ന ബസുകൾക്കെതിരെ കെ.എസ്.ആർ.ടി.സിയും പൊലീസും കർശന നടപടിയെടുക്കും. പുളിഞ്ചോട് കവലയിൽ കെ.എസ്.ആർ.ടി.സിയുടെയും ട്രാഫിക്ക് പൊലീസിന്റെയും നിരീക്ഷണമുണ്ടാകും.
ബസുകൾ നഗരം ചുറ്റില്ല
എറണാകുളത്ത് നിന്നും ഇടുക്കി, മൂന്നാർ തുടങ്ങിയ മലയോര മേഖലയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ നഗരം ചുറ്റില്ല. മാത്രമല്ല, കെ.എസ്.ആർ.ടി.സി കവലയിലേക്കും വരില്ല. മാർക്കറ്റ് ഭാഗത്ത് നിന്നും അണ്ടർപാസ് വഴി ബൈപ്പാസ്, ബാങ്ക് കവല, പമ്പ് കവല വഴി പെരുമ്പാവൂർ റോഡിലേക്ക് പ്രവേശിക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെയാണ് ഫാസ്റ്റ് ബസുകൾക്കും മലയോര ബസുകൾക്കും പുതിയ ക്രമീകരണം. അല്ലാത്ത സമയങ്ങളിൽ മാത്രമാണ് പതിവ് പോലെ നഗരം ചുറ്റേണ്ടി വരുന്നത്.