കൊച്ചി: മഴ ശക്തമായതോടെ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള വെള്ളക്കെട്ട് നീക്കുന്നതിന് മൂന്നു ദിവസത്തിനകം നടപടികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുളള നിർദ്ദേശം നൽകി. എറണാകുളം ഗസ്റ്റ് ഹൗസിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് , കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. ഹാരിസ്, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, പൊതുമരാമത്ത് വകുപ്പ്, കൊച്ചി മെട്രോ, ഡി.എം.ആർ.സി, കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരും പങ്കെടുത്തു.

 13 തീരുമാനങ്ങൾ

എം.ജി. റോഡിൽ മലബാർ ഗോൾഡ് ജുവലറിക്കു സമീപമുള്ള കാനകളിൽ സിമന്റ് ബ്ലോക്കുകൾ കെട്ടിക്കിടക്കുന്നത് മൂന്നു ദിവസത്തിനകം നീക്കാൻ ഡി.എം.ആർ.സിക്ക് നിർദ്ദേശം

 കെ.പി.സി.സി ജംഗ്ഷൻ മുതൽ പുതിയ കാനയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് ഡി.എം.ആർ.സി

 കടവന്ത്ര ഗിരിനഗറിൽകൊച്ചി മെട്രോ സ്‌റ്റേഷന്റെ പിൻവശത്ത് രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് നീക്കാൻ കൊച്ചി മെട്രോയ്ക്ക് നിർദ്ദേശം. മൂന്നു ദിവസത്തിനകം പേരണ്ടൂർ കനാലിലേക്ക് വെള്ളം ഒഴുക്കും

കെ.പി.സി.സി ജംഗ്ഷൻ മുതൽ ഇടപ്പള്ളി വരെയുള്ള ഭാഗത്ത് കാനകളിലെ മാലിന്യം നീക്കി ഒഴുക്ക് സുഗമമാക്കുന്നതിന് കോർപ്പറേഷൻ നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് അറിയിച്ചു.

ഏതെങ്കിലും പ്രദേശത്ത് നിർമ്മാണപ്രവർത്തനങ്ങൾനടത്തേണ്ടി വന്നാൽ പൊതുമരാമത്ത് വകുപ്പ് ചെയ്യും

 തേവര പേരണ്ടൂർ കനാൽ ബണ്ടിലെ തടസങ്ങൾ മൂന്നു ദിവസത്തിനകം നീക്കി ഒഴുക്ക് സുഗമമാക്കും.

 ഇടപ്പള്ളി ബൈപ്പാസിലെ സർവീസ് റോഡുകളിലെ കാനകളിൽ ഹോട്ടൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് നീക്കാൻ നടപടി സ്വീകരിക്കും. ഇതിന് ദേശീയ പാത അതോറിറ്റിയെ ചുമതലപ്പെടുത്തും.

22 റെയിൽവേ കൽവെർട്ടുകളുടെ ശുചീകരണം ഉടൻ പൂർത്തീകരിക്കും

 സെന്റ് തെരേസാസ് കോളേജിനു സമീപത്തുളള പമ്പ് ബേസ് പ്രവർത്തിപ്പിക്കാൻ കോർപ്പറേഷന് നിർദ്ദേശം ഒരു മാസത്തേക്ക് പമ്പ് ബേസിന്റെ പ്രവർത്തനം ഡി.എം.ആർ.സി ഏറ്റെടുക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള വെളളക്കെട്ട് നീക്കുന്നതിന് വിവേകാനന്ദ തോടിൽ നിന്ന് വെള്ളം മുല്ലശേരി കനാലിലേക്ക് ഒഴുക്കുന്നതിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ പണി പുരോഗമിക്കുകയാണ്. കാരക്കാമുറി ക്രോസ് റോഡിനു സമീപം അധികമായി ഒരു മോട്ടോർ കൂടി സ്ഥാപിക്കുന്നത് പരിഗണിക്കും

 തേവര പണ്ഡിറ്റ് കറുപ്പൻ റോഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കനാൽ മൗത്ത് ശുചീകരിക്കുന്നതിന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു

രാജാജി റോഡിലെ സ്ലാബുകളുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കാൻ ഡി.എം.ആർ.സിക്ക് നിർദ്ദേശം

 കൊച്ചി മെട്രോയുടെ നിർമ്മാണത്തെ തുടർന്ന് എളംകുളം മെട്രോ സ്‌റ്റേഷന്റെ പിൻവശത്തുള്ള ഫ്ളാറ്റിലേക്ക് മലിനജലം ഒഴുകുന്നത് തടയാൻ നടപടിയെടുക്കണമെന്ന് മെട്രോ അധികൃതർക്ക് നിർദ്ദേശം