road
തോട്ടുമുഖം - മാടപ്പിള്ളിത്താഴം റോഡിൽ തോട്ടുമുഖത്ത് ടൈൽ വിരിച്ചത് താഴ്ന്നതുമൂലം അനുഭവപ്പെടുന്ന വെള്ളക്കെട്ട്

ആലുവ: ലക്ഷങ്ങൾ മുടക്കി അടുത്തിടെ നവീകരിച്ച തോട്ടുമുഖം - മാടപ്പള്ളിത്താഴം റോഡിൽ ടൈലുകൾ താഴ്ന്ന് പോയതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തോട്ടുമുഖത്ത് നിന്നും റോഡ് തുടങ്ങുന്ന ഭാഗത്താണ് ടൈൽ താഴേക്ക് പോയത്. ഇതുമൂലം അതിരൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് ടൈൽ വിരിച്ച് റോഡ് പൊക്കിയത്. എന്നാലിപ്പോൾ റോഡിൽ വെള്ളക്കെട്ട് ഒഴിയാത്ത അവസ്ഥയാണ്.റോഡ് ഉയർത്തിയപ്പോൾ തന്നെ പല വീടുകളുടെയും മുറ്റത്തേക്കും വീടിനകത്തേക്കും വെള്ളം ഒഴുകുമെന്ന അവസ്ഥയായിരുന്നു. ഇതിനിടയിലാണ് റോഡിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നത്.റോഡിലെ വെള്ളക്കെട്ട് സമീപ വീടുകൾക്കും ദുരിതമായിട്ടുണ്ട്. എത്രയും വേഗം പണി ചെയ്തിരുന്ന കരാറുകാരനെ വിളിച്ചുവരുത്തി പുനർനിർമ്മാണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

നടപടിയെടുക്കാതെ പൊതുമരാമത്ത്

ടൈൽ വിരിച്ച ഭാഗങ്ങളിൽ റോഡ് പണിക്ക് ശേഷം നൽകിയ കുടിവെള്ള പൈപ്പ് കണക്ഷനുകളും റോഡ് തകർച്ചക്ക് വഴിയൊരുക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പൈപ്പിനായി റോഡ് കുഴിക്കുന്നത് നന്നാക്കാനുള്ള തുക അടക്കം പൊതുമരാമത്ത് വകുപ്പിൽ കെട്ടിവച്ചാണ് ഉപഭോക്താക്കൾ കണക്ഷൻ എടുക്കുന്നത്. എന്നാൽ, കണക്ഷൻ എടുത്ത ശേഷം പൊതുമരാമത്ത് അധികൃതർ റോഡ് നന്നാക്കാൻ തയ്യാറാകുന്നില്ല. ഇതുമൂലം പല ഭാഗത്തും റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പരാതി പറയാൻ വിളിച്ചാൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഫോൺ എടുക്കാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.