മൂവാറ്റുപുഴ: നഗരസഭ കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷത്തെ രണ്ട് അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം. യു.ഡി.എഫ് അംഗങ്ങളായ ജയകൃഷ്ണൻ നായരും ജിനു ആന്റണിയുമാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്ളക്കാർഡുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തന്റെ വാർഡിൽപ്പെട്ട മാറാടി ഗവ. സ്‌കൂളിൽ ഒറ്റ മുറിയിൽ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് ഫണ്ട് വകയിരുത്തണമെന്നായിരുന്നു ആവശ്യം. ഇവിടെ കെട്ടിടം പണിയുന്നതിന് സ്‌കൂൾ വക സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. എന്നാൽ വാർഡിനെ അവഗണിച്ച് സ്വന്തം കെട്ടിടമുള്ള മറ്റൊരു അംഗൻവാടിക്ക് കെട്ടിടനിർമ്മാണത്തിന് തുക അനുവദിച്ചെന്നാണ് കൗൺസിലരുടെ ആരോപണം.

പുഴയോര ടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ച വാക്ക് വേ സംരക്ഷിക്കണമെന്നും വൈദ്യുതി വിളക്കുകൾ തെളിക്കണമെന്നുമായിരുന്നു 18ാം വാർഡ് കൗൺസിലർ ജിനു ആന്റണിയുടെ ആവശ്യം.. രാവിലെ 11 ന് തുടങ്ങിയ കുത്തിയിരിപ്പ് സമരം കൗൺസിൽ യോഗം അവസാനിച്ചതോടെ ചെയർപേഴ്‌സന്റെ മുറിയുടെ മുന്നിലേക്ക് മാറ്റി. പ്രതിപക്ഷ കൗൺസിലർമാരായ സി.എം. ഷുക്കൂർ, ജയസൺ തോട്ടത്തിൽ, ഷാലിന ബഷീർ, പ്രമീള ഗിരീഷ് കുമാർ എന്നിവരും പങ്കെടുത്തു. .ഓഫീസ് സമയം കഴിഞ്ഞതോടെ സമരവും അവസാനിപ്പിച്ചു.