ആലുവ: ജില്ലാ ആശുപത്രിയിൽ റാമ്പ് നിർമ്മാണത്തിന്റെ പേരിൽ ഓപ്പറേഷൻ തീയറ്റർ പൂട്ടിയിടാൻ നീക്കമെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലേക്ക് തള്ളിക്കയറി. ഇന്നലെ ഉച്ചതിരിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചതോടെയാണ് നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയയുടെ നേതൃത്വത്തിൽ സമരക്കാരെത്തിയത്.
എന്നാൽ ഇത്തരമൊരു തീരുമാനം ഇല്ലെന്നും റാമ്പ് നിർമ്മാണത്തിന്റെ പേരിൽ ശസ്ത്രക്രിയകൾ മുടങ്ങില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അറിയിച്ചു. തുടർന്നാണ് സമരക്കാർ മടങ്ങിയത്.
ആദ്യയോഗത്തിനെത്തിയ പ്രസിഡന്റിന് പൂച്ചെണ്ടിന് പകരം ഉപരോധം
ജില്ലാ ആശുപത്രിയിലെ 18 ഒഴിവുകൾ നികത്തണം: എച്ച്.എം.സി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലാ ആശുപത്രി എച്ച്.എം.സി യോഗത്തിനെത്തിയ ഡോളി കുര്യാക്കോസിന് പൂച്ചെണ്ടിന് പകരം ഉപരോധമായിരുന്നു. മഴക്കാലം ആരംഭിച്ചതോടെ പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ ആശുപത്രിയിൽ ഒഴിവുള്ള 18 തസ്തികകളിൽ അടിയന്തിരമായി നിയമനം നടത്തണമെന്ന് യോഗം ഡി.എം.ഒയോട് ആവശ്യപ്പെട്ടു.
ആശുപത്രിയിലെ പരിശോധന ലാബ് എട്ട് മണിക്ക് ശേഷം തുറക്കുന്നതിനാൽ രോഗികൾ വലയുകയാണ്. ഇതൊഴിവാക്കുന്നതിന് രാവിലെ ആറിന് ലാബ് തുറക്കുന്നതിന് സൗകര്യമൊരുക്കും. ഇതിനാൽ താൽകാലിക അടിസ്ഥാനത്തിൽ ജീവനക്കാരിയെ നിയോഗിക്കും.