malankara
മൂവാറ്റുപുഴ രൂപത അദ്ധ്യക്ഷൻ ബിഷപ്പ് യൂഹനോൻ മാർ തെയഡോഷ്യസ് മെത്രപ്പോലീത്ത മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തുടങ്ങിയവരോടൊപ്പം

മൂവാറ്റുപുഴ: ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി ബിഷപ്പ് ഡോ. യൂഹാന്നോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്ത മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷനായി സ്ഥാനമേറ്റു. സ്ഥാനമൊഴിഞ്ഞ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. എബ്രാഹം മാർ യൂലിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ഡോ. യൂഹാന്നോൻ മാർ ക്രിസോസ്റ്റം, ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്, ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്‌തേഫാനോസ്, ബിഷപ്പ് ഡോ. സാമുവേൽ മാർ ഐറേനിയോസ്, ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ്, പുനലൂർ ബിഷപ്പ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ, കാഞ്ഞിരപ്പിള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൻ, കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ, ആലപ്പുഴ സഹായമെത്രാൻ മാർ ജെയിംസ് ആനാപ്പറമ്പിൽ, വിജയപുരം രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ തെക്കേതിച്ചേരിൽ, പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് തോമസ് ചാക്യാത്ത്, തൃശൂർ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സഹകാർമ്മികരായിരുന്നു. യാക്കോബായ സഭാ ബിഷപ്പുമാരായ കുര്യാക്കോസ് മാർ തെയോഫിലോസ്, എബ്രഹാം മാർ സേവേറിയോസ്, ഓർത്തഡോക്‌സ് സഭ കണ്ടനാട് മെത്രാപ്പൊലീത്ത തോമസ് മാർ അത്തനാസിയോസ് എന്നിവരും ശുശ്രൂഷകളിൽ പങ്കുചേർന്നു.
ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസിനെ രൂപതാദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചുകൊണ്ടുള്ള മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നിയമന കൽപ്പന എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് വായിച്ചു.
പൊതുസമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.പി ഡീൻ കുര്യാക്കോസ് , ഓർത്തഡോക്‌സ് സഭ കണ്ടനാട് മെത്രാപ്പൊലീത്ത തോമസ് മാർ അത്തനാസിയോസ്, യാക്കോബായ സഭ സെമിനാരി മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ തെയോഫിലോസ്, ബഥനി സുപ്പീരിയർ ജനറൽ ഫാ. ജോസ് കുരുവിള., ബഥനി സന്യാസിനി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്ലാഡീസ് , രൂപതാ വികാരി ജനറൽ ഫാ. വർഗീസ് കുന്നുംപുറം, ഫാ. ചെറിയാൻ ചെന്നിക്കര, പാസ്റ്റർ കൗൺസിൽ സെക്രട്ടറി വി.സി. ജോർജ്ജുകുട്ടി എന്നിവർ സംസാരിച്ചു.