hospital
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി.....

# ട്രീറ്റ്‌മെന്റ് പ്ലാന്റിന് 1.38 കോടി രൂപ

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് 1.38കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. മലിനജലം സംസ്‌കരിക്കുന്നതിന് സൗകര്യങ്ങളില്ലാത്തത് വ്യാപക പരാതികൾക്കിടയാക്കിയിരുന്നു. തുടർന്ന് ആശുപത്രിക്ക് പിന്നിലായി ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പിന് സമർപ്പിച്ചിരുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഏറ്റവും വലിയ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലൊന്നായിരിക്കും ഇവിടത്തേത്. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന് മുകളിലായി മൂന്നും നാലും നിലകളുടെ നിർമ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കൃത്രിമ കാല് നിർമിക്കുന്നതിനായി ലിംബ് ബ്ലോക്ക് നിർമിക്കുന്നതിനായിട്ടുള്ള എസ്റ്റിമേറ്റും സമർപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ കെ.എസ്.ആർ.ടിസി. ബസ് സ്റ്റാൻഡിന് അഭിമുഖമായി പുതിയ കാഷ്വാലിറ്റി, ട്രോമാകെയർ, ഐ.സി.യു അടക്കമുള്ള ബ്ലോക്കിന്റെ ഡിസൈനും എസ്റ്റിമേറ്റ് നടപടികളും പുരോഗമിച്ചുവരുന്നു. ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ അഗ്നിസുരക്ഷാജോലി മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിന്റെ നടപടിക്രമങ്ങളും പുരോഗമിച്ച് വരികയാണ്.

ആശുപത്രിയുടെ മുഖച്ഛായ മാറും

നിരവധി വികസനപ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി ലഭിച്ചു. ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം അടുത്ത ദിവസം നടക്കും.

ഓങ്കോളജി ബ്ലോക്കിന് അഞ്ച് കോടിരൂപ. ആശുപത്രിക്ക് ചുറ്റുമതിലും കവാടവും ഗേറ്റും നിർമിക്കുന്നതിന് 50ലക്ഷം രൂപയുടെ ഭരണാനുമതി.

ഗൈനക്കോളജി വിഭാഗത്തിന് ഓപ്പറേഷൻ തിയേറ്ററും ലേബർ റൂമും നിർമിക്കുന്നതിനും നിലവിലെ ഓപ്പറേഷൻ തിയേറ്ററും സ്ത്രീകളുടെയും, കുട്ടികളുടെയും വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി റാമ്പ് നിർമിക്കുന്നതിന് എൻ.ആർ.എച്ച്.എമ്മിൽ നിന്നും 2.71കോടി രൂപയുടെ അനുമതി.

ആരോഗ്യമന്ത്രിക്ക്

അഭിനന്ദനം

ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, ആശുപത്രി സൂപ്രണ്ട് ഡോ. ആശാ വിജയൻ, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവർ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയെ കണ്ട് നേരത്തെ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ആശുപത്രിയുടെ വികസനത്തിന് ആരോഗ്യവകുപ്പ് ഫണ്ട് അനുവദിച്ചത്.