പറവൂർ: നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വൗവ്വാലുകളെ പിടികൂടാൻ തുരുത്തിപ്പുറം, വാവക്കാട് പ്രദേശങ്ങളിൽ വലകൾ സ്ഥാപിച്ചു. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ ഉദ്യോഗസ്ഥർ എത്തിയാണ് സംവിധാനം ഒരുക്കിയത്. പോസ്റ്റുകൾ സ്ഥാപിച്ചാണ് വല ഘടിപ്പിച്ചത്. ഇന്ന് ഉദ്യോഗസ്ഥർ വീണ്ടുമെത്തി വലയിൽ കുടുങ്ങുന്ന വവ്വാലുകളെ ജീവനോടെ തന്നെ പിടികൂടി പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു കൊണ്ടുപോകും.
നിപ ബാധിച്ച വിദ്യാർത്ഥിയുടെ വീട് സ്ഥിതിചെയ്യുന്ന തുരുത്തിപ്പുറത്തും വാവക്കാടും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ വൈറസ് പരത്തുന്ന പഴംതീനി വൗവ്വാലുകളെ കണ്ടെത്തിയിരുന്നു. സയന്റിസ്റ്റ് ഡോ.എ.ബി. സുധീപിന്റെയും, ഡോ. ബാലസുബ്രഹ്മണ്യത്തിന്റെയും നേതൃത്വത്തിലാണ് വലകൾ സ്ഥാപിച്ചത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ഡോ. അഷിതേഷ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിദഗ്ദ്ധ സംഘവും തുരുത്തിപ്പുറത്തു സന്ദർശനം നടത്തി. പേരയ്ക്ക കഴിച്ചതുമൂലമാണ് രോഗം ബാധിച്ചതെന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന.