കൊച്ചി: നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേയ് മാസം ജില്ലയിൽ സംഭവിച്ച 1798 മരണങ്ങളിൽ 1689 എണ്ണത്തിന്റെ രേഖകളുടെ പരിശോധന പൂർത്തിയായി. സംശയാസ്പദമായ ഒരു മരണവും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ജില്ലയിലെ 78 സ്വകാര്യ ആശുപത്രികളിൽ മേയ് മാസം നടന്ന മരണങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ആരോഗ്യ വിദഗ്ദ്ധർ നാല് മെഡിക്കൽ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇതേവരെ 25844 പേർക്ക് പരിശീലനം നൽകി. പഞ്ചായത്ത്തല പരിശീലന പരിപാടികൾ ഇന്ന് സമാപിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ഇതര ഭാഷകളിലുള്ള രോഗ പ്രതിരോധ ബോധവത്കരണ സന്ദേശങ്ങൾ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പ്രദർശിപ്പിച്ചു.