 കളക്‌ടർക്കെതിരെ ചെല്ലാനത്ത് പ്രതിഷേധം

കൊച്ചി: കടൽക്ഷോഭം രൂക്ഷമായ ചെല്ലാനം മേഖലയിലെ ബസാർ ഏരിയ, വേളാങ്കണ്ണി, കമ്പനിപ്പടി മേഖലകളിൽ ഒരാഴ്ചയ്ക്കകം ജിയോ ബാഗുകൾ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു. ബസാർ, വേളാങ്കണ്ണി മേഖലകൾ സന്ദർശിക്കാനെത്തിയ കളക്ടർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തി.

വീടുകളിൽ വെള്ളം കയറിയിട്ടും ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിച്ചില്ലെന്നായിരുന്നു അവരുടെ ആക്ഷേപം. ബസാർ മേഖലയിലും കമ്പനിപ്പടിയിലും 200 മീറ്റർ നീളത്തിലും വേളാങ്കണ്ണിയിൽ 180 മീറ്ററിലുമാണ് ജിയോ ബാഗുകൾ സ്ഥാപിക്കുക.
ചെല്ലാനത്തും ജിയോ ബാഗുകൾ സ്ഥാപിക്കും. തീരദേശത്ത് നടപ്പാക്കിയ ജിയോ ട്യൂബ് പദ്ധതി ഉപേക്ഷിക്കില്ല. തകരാറുകൾ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് കളക്‌ടർ വ്യക്തമാക്കി. പാരിസ്ഥിതിക ആഘാതം പരമാവധി ഒഴിവാക്കി കടൽ ഭിത്തി നിർമ്മിക്കുന്നതിനാണ് ജിയോ ട്യൂബ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിൽ ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി പദ്ധതി പൂർത്തിയാക്കും. അടിയന്തരമായി വിന്യസിക്കുന്ന ജിയോ ബാഗുകൾ സ്ഥിരം സംവിധാനമല്ല. ഇവ പരമാവധി ഒരു വർഷം മാത്രം നിലനിൽക്കുന്നവയാണ്. ഇവയുടെ നിർമ്മാണത്തിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതായി കളക്ടർ അറിയിച്ചു.