കൊച്ചി: തിരുവനന്തപുരത്തിന് പിന്നാലെ സംസ്ഥാനത്തെ രണ്ടാമത്തേതായി കൊച്ചി കമ്മിഷണറേറ്റ് ഇന്ന് നിലവിൽ വരും. കമ്മിഷണറുടെ റാങ്ക് ഐ.ജി തലത്തിലേക്ക് ഉയർത്തിയതോടെ ആദ്യ കമ്മിഷണറായി വിജയ് സാഖറെ ചുമതലയേൽക്കും. ഇതുവരെ ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു കമ്മിഷണർ.
നിലവിൽ കൊച്ചി റേഞ്ച് ഐ.ജിയായിരുന്നു വിജയ് സാഖറെ. കൊച്ചി സിറ്റി, എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതല. ഇനി ഈ തസ്‌തിക ഡി.ഐ.ജി റാങ്കിലേക്ക് താഴ്ത്തി. കാളിരാജ് മഹേഷ് കുമാർ ഈ തസ്തികയിൽ ഇന്ന് ചുമതലയേൽക്കും. കൊച്ചി സിറ്റിയുടെ ചുമതലയുണ്ടായിരിക്കില്ല. ഇപ്പോഴത്തെ കമ്മിഷണർ എസ്. സുരേന്ദ്രൻ അടുത്തദിവസം തൃശൂർ ഡി.ഐ.ജിയായി ചുമതലയേൽക്കും. ഐ.ജി റാങ്കിൽ കമ്മിഷണർ വന്നതോടെ ഡി.ഐ.ജി റാങ്കിൽ അഡിഷണൽ കമ്മിഷണറായി കെ.പി. ഫിലിപ്പ് ഇന്നലെ ചുമതലയേറ്റു. നേരത്തെ കോസ്‌റ്റൽ സുരക്ഷാ ഡി.ഐ.ജിയായിരുന്നു. ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണറായി പൂങ്കുഴലി അടുത്തദിവസം ചുമതലയേൽക്കും. ഭരണ നിർവഹണ ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർക്ക് പി.സി. സജീവന് മാറ്റമില്ല.