തൃക്കാക്കര : എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പടിയിറങ്ങുന്നു. ആലപ്പുഴക്കാരുടെ ചങ്ക് ബ്രോ ആയ എസ്. സുഹാസ് എറണാകുളം ജില്ലാ കളക്ടറാവും. മുഹമ്മദ് വൈ സഫീറുള്ളയെ എസ്.ജി.എസ്.ടി വകുപ്പ് അഡീഷണൽ കമ്മിഷണറായി മാറ്റി നിയമിച്ചു. വിവരസാങ്കേതിക വിദ്യാ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധികചുമതലയുമുണ്ട്.
എറണാകുളത്തേക്കെത്തുന്ന എസ്. സുഹാസിന് ജില്ല സുപരിചിതമാണ്. ഡെപ്യൂട്ടി കളക്ടർ, ഫോർട്ടുകൊച്ചി അസി. കളക്ടർ തുടങ്ങിയ ചുമതല വഹിച്ചിട്ടുണ്ട്. സ്മാർട്ട് സിറ്റി വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സജീവമായി പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ പ്രളയത്തിൽ ആലപ്പുഴയും കുട്ടനാടും സമീപപ്രദേശങ്ങളും മുങ്ങിത്താഴ്ന്നപ്പോൾ ജില്ലയിലെ ദുരിതബാധിതർക്കൊപ്പം നിന്ന് രാപ്പകൽ പ്രവർത്തിച്ച് ആലപ്പുഴക്കാരുടെ പ്രശംസയും ആദരവും പിടിച്ചുപറ്റാൻ സുഹാസിന് കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മാത്രം ഭക്ഷണം കഴിച്ചും ജനങ്ങളുടെ ചെറുതും വലുതുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനൊപ്പം നിന്നും ജനപ്രതിനിധികൾക്കും മറ്റുള്ളവർക്കും മാതൃകയായിരുന്നു മംഗളൂരു സ്വദേശി. കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിനായി ഏറെ സമയംനീക്കിവെച്ചിരുന്ന കളക്ടറെ സഹായിക്കാൻ ഡോക്ടറായ ഭാര്യയുമെത്തി. അമൃത ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ഡെർമറ്റോളജി വിഭാഗത്തിലാണ് ഡോ. വൈഷ്ണവി ഗൗഢ ജോലിചെയ്യുന്നത്.