കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്ഷനിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ പുതിയ ഗുരുമന്ദിരവും ശ്രീനാരായണ സാംസ്കാരിക നിലയവും സ്ഥാപിക്കും. ഇന്നലെ നടമ ശാഖായോഗത്തിൽ ചേർന്ന യോഗത്തിൽ ഇതിനായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രക്ഷാധികാരിയായി എസ്.എൻ.ജംഗ്ഷൻ ഗുരുപ്രതിമാ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി എസ്.എൻ.ജംഗ്ഷനിലെ ഗുരുമണ്ഡപം പൊളിച്ചു നീക്കുന്നതിന് പകരമായാണ് പുതിയ നിർമ്മാണം. തൃപ്പൂണിത്തുറ മേഖലയിലെ ഇരുപതോളം ശാഖാ യോഗങ്ങളും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും ചേർന്നാണ് പുതിയ ഗുരുമന്ദിരവും സാംസ്കാരിക നിലയവും സ്ഥാപിക്കുന്നത്. എസ്.എൻ.ജംഗ്ഷനിൽ തന്നെ ഇതിനായി സ്ഥലം കണ്ടെത്താനും യോഗത്തിൽ തീരുമാനമായി. പൊളിച്ചുനീക്കുന്ന ഗുരുമന്ദിരവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിൽ ശക്തമായ യൂണിയന്റെ നേതൃത്വത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
യോഗം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ പി.ഡി.ശ്യാംദാസ് അദ്ധ്യക്ഷത വഹിച്ചു. നടമ ശാഖാ യോഗം പ്രസിഡന്റ് അഡ്വ. പി.രാജൻ ബാനർജി വിഷയാവതരണം നടത്തി. യോഗം ഡയറക്ടർ ബോർഡംഗം വിജയൻ പടമുഗൾ, അസി.സെക്രട്ടറി എം.ഡി. അഭിലാഷ്, യൂണിയൻ കമ്മിറ്റി അംഗം കെ.കെ.മാധവൻ, ടി.കെ.പത്മനാഭൻ തുടങ്ങിയവരും മേഖലയിലെ ഇരുപതോളം ശാഖാ യോഗങ്ങളുടെ പ്രസിഡന്റും സെക്രട്ടറിമാരും സംസാരിച്ചു. യൂണിയൻ കമ്മിറ്റി അംഗം എൽ.സന്തോഷ് സ്വാഗതവും നടമ ശാഖാ സെക്രട്ടറി ഇ.എസ്.ഷിബു നന്ദിയും പറഞ്ഞു.
എസ്.എൻ.ജംഗ്ഷൻ ഗുരുപ്രതിമാ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായി മഹാരാജാ ശിവാനന്ദൻ (ചെയർമാൻ), പി.ഡി.ശ്യാംദാസ് (ജന.കൺവീനർ), എൽ.സന്തോഷ് (വൈസ് ചെയർമാൻ), എം.ഡി.അഭിലാഷ്, വിജയൻ പടമുഗൾ (ജോ.കൺവീനർമാർ), അഡ്വ.പി.രാജൻ ബാനർജി (ചീഫ് കോ ഓർഡിനേറ്റർ), ഇ.എസ്.ഷിബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.