ഫോർട്ടുകൊച്ചി: കേരള തീരത്തു നിന്നും ചാള കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക് ചേക്കേറുന്നു. ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ നമ്മുടെ കടലിൽ ചാളയുണ്ടാകുമോയെന്ന് കണ്ടറിയണം.

ഉഷ്ണജലപ്രവാഹത്തെ തുടർന്നാണ് ചാളക്കൂട്ടങ്ങളുടെ പലായനമെന്ന് വിദഗ്ദ്ധർ പറയുന്നു.

തമിഴ്നാട്ടിൽ ട്രോളിംഗ് നിരോധനം മേയ് 31 ന് അവസാനിച്ചതോടെ പെലാജിക്ക് വല ഉപയോഗിച്ചാണ് ചാളപിടിത്തം. തമിഴ്നാട് കടലൂർ തീരത്ത് ഇപ്പോൾ ചാളചാകരയാണ്.

കാറ്റും മഴയും മൂലം പരമ്പരാഗത മൽസ്യതൊഴിലാളികൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും കടലിലിറങ്ങാൻ പറ്റാത്തതിനാൽ കൊച്ചിയിലെ വിപണികളിൽ മത്സ്യദൗർലഭ്യമാണ്.

കേരള തീരത്ത് ഒരു ലക്ഷത്തോളം ടൺ അയില കുഞ്ഞുങ്ങൾ ഇപ്പോൾ ഉള്ളതായാണ് കണക്കുകൾ. ഇത് കൂടുതലായി പിടിച്ചാൽ അയില തീർത്തും ഇല്ലാത്ത സ്ഥിതിയായി മാറുമെന്നും കേരള സംസ്ഥാന ബോട്ട് ഉടമ അസോസിയേഷൻ ഭാരവാഹി ജോസഫ് സേവ്യർ കളപ്പുരക്കൽ പറഞ്ഞു.