സ്ഥിരം സമിതി അദ്ധ്യക്ഷന്റെ പരാതിയും ഉദ്യോഗസ്ഥർ അവഗണിച്ചു
സാമ്പത്തിക പ്രതിസന്ധിയിലും ഉദ്യോഗസ്ഥർക്ക് അനക്കമില്ല.
ആലുവ: ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലുമാകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും നികുതി പിരിക്കാതെ ആലുവ നഗരസഭയിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ. നഗരത്തിൽ നിരവധി പേ ആൻഡ് പാർക്ക് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആരും നഗരസഭയുടെ ലൈസൻസ് എടുത്തിട്ടില്ലെന്നതാണ് വിചിത്രം.
ടിക്കറ്റ് ഉപയോഗിച്ച് പണം പിരിക്കുന്നതിന് ലൈസൻസ് വേണമെന്നാണ് ചട്ടം. ഇത് മറികടന്നാണ് പേ ആൻഡ് പാർക്കുകൾ പ്രവർത്തിക്കുന്നത്.
ആലുവ മാർക്കറ്റ് നവീകരിക്കുന്നതിന് നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചിട്ട് അഞ്ച് വർഷത്തോളമായി. നിർദ്ദിഷ്ഠ പുതിയ കെട്ടിടത്തിൽ മുറി അനുവദിക്കുന്നതിന് നിലവിലെ കച്ചവടക്കാരിൽ നിന്നും ശേഖരിച്ച 80 ലക്ഷത്തോളം രൂപ ധനകമ്മിയെ തുടർന്ന് നഗരസഭ വകമാറ്റി ചെലവഴിച്ചിരുന്നു. കെട്ടിടത്തിന് ആറ് കോടി രൂപ വായ്പ അനുവദിക്കുന്നതിന് കച്ചവടക്കാരിൽ നിന്നും അഡ്വാൻസായി ശേഖരിച്ച തുക അടയ്ക്കാൻ സ്വകാര്യ ധനകാര്യ സ്ഥാപനം നഗരസഭയോട് ആവശ്യപ്പെട്ടിട്ടും കഴിഞ്ഞില്ല. ഇതേതുടർന്ന് വായ്പ അപേക്ഷ നിരസിക്കുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലും ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ല. ഇതെല്ലാം മുതലെടുത്ത് പേ ആൻഡ് പാർക്ക് ഉടമകൾ ദിവസേന പതിനായിരക്കണക്കിന് രൂപയാണ് സമ്പാദിക്കുന്നത്. യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ മണിക്കൂർ അടിസ്ഥാനത്തിലാണ് വാഹന ഉടമകളിൽ നിന്നും വാടക ഈടാക്കുന്നത്. വാഹനം പാർക്ക് ചെയ്യാൻ സ്ഥലം അനുവദിക്കുമെന്നല്ലാതെ വെയിലും മഴയുമേറ്റ് ചെളിവെള്ളത്തിൽ കിടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പുറമ്പോക്ക് ഭൂമി വളച്ചുകെട്ടി പാർക്കിംഗ് കേന്ദ്രമാക്കിയവരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നതിന് പിന്നിൽ അവിഹിത ഇടപാടുണ്ടെന്ന ആരോപണവും ശകത്മാണ്.
രണ്ട് മാസം പിന്നിട്ടിട്ടും നടപടിയില്ല
നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ ആരോഗ്യ വിഭാഗത്തിന് രേഖാമൂലം പരാതി നൽകി രണ്ട് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.