കൊച്ചി: ഒരധികാരവുമില്ലാത്ത ഒരു ഡി.ഐ.ജി കൊച്ചിയിലുണ്ട്. പുള്ളിക്കാരന് കൊച്ചി സിറ്റി പൊലീസ് ജില്ലയ്‌ക്ക് പുറത്തു കടന്നാൽ മാത്രമേ അധികാരമുള്ളൂ. പക്ഷേ, ആസ്ഥാനം കൊച്ചിയാണ്. കമ്മിഷണറേറ്റ് നിലവിൽ വന്നതോടെ കൊച്ചി റേഞ്ച് ഡി.ഐ.ജിയായ കാളിരാജ് മഹേഷ് കുമാറിനാണ് ഈ ഗതികേട്.

കമ്മിഷണറേറ്റ് വന്നതോടെ കൊച്ചി റേഞ്ച് ഐ.ജിയായിരുന്നു വിജയ് സാഖറെ സിറ്റി പൊലീസ് കമ്മിഷണറായി. ഇതോടെ റേഞ്ച് ഐ.ജി തസ്‌തിക ഡി.ഐ.ജിയായി താഴ്ത്തി. തിരുവനന്തപുരത്തും കൊച്ചിയിലും ഐ.ജിമാർ കമ്മിഷണറായതോടെ ഇവിടങ്ങളിൽ റേഞ്ച് ഐ.ജിമാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കാളിരാജ് മഹേഷ് കുമാറിന് എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതലയാണ്. അതിനാൽ കൊച്ചിയിൽ നിന്ന് ആസ്ഥാനം മാറ്റുമോയെന്നാണ് ഇനി അറിയേണ്ടത്.

വർഷങ്ങൾക്ക് മുമ്പ് കൊച്ച് റേഞ്ച് ഡി.ഐ.ജി തസ്‌തികയിലായിരുന്നപ്പോൾ എസ്.പിയായിരുന്നു സിറ്റി പൊലീസ് കമ്മിഷണർ.

ഡി.ഐ.ജിയുടെ ഗതികേട് പിന്നെയുമുണ്ട്. ഇനി കിടപ്പാടവും തപ്പിയിറങ്ങണം. വിജയ് സാഖറെ ഉപയോഗിച്ചിരുന്ന ഐ.ജി ക്യാമ്പ് ഓഫീസ് കമ്മിഷണറുടേതായി മാറും. കമ്മിഷണർ ഉപയോഗിച്ചിരുന്ന മറൈൻഡ്രൈവിലെ ക്യാമ്പ് ഓഫീസ് പുതിയ തസ്‌തികയിൽ അഡിഷണർ കമ്മിഷണറായി നിയമിതനായ കെ.പി.ഫിലിപ്പ് ഡി.ഐ.ജിക്ക് ലഭിക്കും. രണ്ടു ക്യാമ്പ് ഓഫീസുകളും കൈവിട്ടതോടെ കാളിരാജിന് പുതിയ താമസസ്ഥലം കണ്ടെത്തണം. ഐ.പി.എസ് പദവിയിലുള്ള രണ്ട് ഡെപ്യൂട്ടി കമ്മിഷണർമാരുണ്ടെങ്കിലും ഇവർക്കും ക്യാമ്പ് ഹൗസുകളില്ല. ഇവർക്കായി കെട്ടിടം പണിയാൻ കളമശേരി എ.ആർ.ക്യാമ്പിന് പിന്നിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

 സ്വന്തമായി ആസ്ഥാനമില്ലാത്ത കമ്മിഷണറേറ്റ്

കമ്മിഷണറേറ്റൊക്കെയായി. എന്നാൽ, ഇപ്പോഴും സ്വന്തമായി ആസ്ഥാനമില്ല. സ്വന്തമായി ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചടുക്കി. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മറൈൻഡ്രൈവിലെ കണ്ണായ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളിൽ പെട്ട് ഉപേക്ഷിച്ചു. ആ സ്ഥലം ഇപ്പോൾ നഗരത്തിനുള്ളിലെ ചെറു വനമാണ്. കമ്മിഷണറുടെ കാര്യാലയം വാടക കെട്ടിടത്തിലും.

 കമ്മിഷണറായി ഐ.ജി. വിജയ് സാഖറെ ചുമതലയേറ്റു

കമ്മിഷണറേറ്റ് രൂപീകരിച്ചതോടെ ഐ.ജി. റാങ്കിലുള്ള ആദ്യ കമ്മിഷണറായി ഇന്നലെ വിജയ് സാഖറെ ചുമതലയേറ്റു. കമ്മിഷണറായിരുന്ന എസ്.സുരേന്ദ്രൻ തൃശൂർ ഡി.ഐ.ജിയായി. സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ നഗരത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.