ആലുവ: കടുങ്ങല്ലുർ മേഖലയിൽ തുടർച്ചയായി വൈദ്യുതി മുടക്കുന്നതിനെതിരെ നാളെ (ശനി) കെ.എസ്.ഇ.ബി മുപ്പത്തടം സെക്ഷൻ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചും ധർണ്ണയും നടത്തും.
കടുങ്ങല്ലൂർ, മുപ്പത്തടം, കയിന്റിക്കര, എരമം, എടയാർ, ഏലൂക്കര ഭാഗങ്ങളിൽ മുന്നറിയിപ്പില്ലാതെ പതിവായി വൈദ്യുതി മുടങ്ങുകയാണെന്ന് കടുങ്ങല്ലൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ സംയുക്ത യോഗം ആരോപിച്ചു. നിരവധി തവണ ഉന്നത കേന്ദ്രങ്ങളിലടക്കം പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ കോൾ അറ്റൻഡ് ചെയ്യുന്നുമില്ലന്നും നേതാക്കൾ ആരോപിച്ചു. സംയുക്ത യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. നാസർ എടയാർ അദ്ധ്യക്ഷത വഹിച്ചു. ടി.എം. സെയ്തു കുഞ്ഞ്, വി.ജി. ജയകുമാർ, എ. ശശികുമാർ, ചമയം അബ്ദു, എം.എസ്. നാസർ എന്നിവർ സംസാരിച്ചു.