മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയ്ക്ക് എൽദോ എബ്രഹാം എം.എൽ.എ കത്ത് നൽകി. കാലവർഷം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. പനിമരണംനടന്നപ്രദേശങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിയ്ക്ക് കത്ത് നൽകിയത്. പായിപ്ര ഗ്രാമപഞ്ചായത്തിൽ തൃക്കളത്തൂർ ചെങ്ങനാട് പി.ഡി.സുരേന്ദ്രൻ(57),തൃക്കളത്തൂർ കുന്നത്തോളിൽ കെ.വി.രാജപ്പൻ(63),കല്ലൂർക്കാട് പഞ്ചായത്തിലെ വെട്ടംകവല പാടത്തിൽ വീട്ടിൽ രാജേഷിന്റെ മകൻ അഭിദേവ്(2)ആയവന ഗ്രാമപഞ്ചായത്തിലെ മണപ്പുഴ കോട്ടക്കലിൽ വീട്ടിൽ ബിനു(42) എന്നിവർ പനിബാധിച്ച് മരിച്ചിരുന്നു. പനി ബാധിതർ ചികിത്സയിലിരിക്കെ അനുബന്ധ രോഗങ്ങൾ പിടിപ്പെട്ടാണ് വിവിധ മെഡിക്കൽ കോളേജുകളിൽ മരിച്ചത്. കാലവർഷം ആരംഭിച്ചതോടെ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് നിരവധിയാളുകൾക്ക് പനി പിടിപെടുകയായിരുന്നു. . പനി ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എൽദോ എബ്രഹാം എം.എൽ.എ നിവേദനം നൽകി.