ആലുവ: കാലവർഷം കനത്തതോടെ ദുരന്തനിവാരണത്തിന് പൊലീസ് മുൻതൂക്കം നൽകുമെന്ന് പുതുതായി ചുമതലയേറ്റ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. വെള്ളപൊക്കമുണ്ടായ സാഹചര്യത്തിൽ പെരിയാറിന്റെ തീരപ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ വിലയിരുത്തും. റോഡപകടങ്ങൾ കുറക്കാനും, മയക്കുമരുന്നുപയോഗം നിയന്ത്രിക്കാനും ബോധവത്കരണ പരിപാടികൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ എസ്.പി.യെ എ.എസ്.പി എം.ജെ. സോജനും റൂറൽ ജില്ലയിലെ ഡി.വൈ.എസ്.പി മാരും ചേർന്ന് സ്വീകരിച്ചു.
2011ലെ ഐ.പി.എസ് കേഡറായ കാർത്തിക് ചെന്നെെ സ്വദേശിയാണ്. 2008ൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗിൽ ബി.ടെക് ബിരുദം നേടി. പാലക്കാട് എ.എസ്.പിയായാണ് കെ. കാർത്തിക് സർവ്വീസ് ആരംഭിച്ചത്. തൃശൂർ സിറ്റി എ.സി.പി, കേരള ഗവർണറുടെ എ.ഡി.സി. വയനാട്, തൃശൂർ എസ്.പി. എന്നീ നിലകളിൽ പ്രവർത്തിച്ചു. 2018, 2019 കാലഘട്ടത്തിൽ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻ സൊസെറ്റിയുടെ (കെ.ബി.പി.എസ്) സി.എം.ഡി യായിരിക്കുമ്പോൾ കൃത്യസമയത്തിനുള്ളിൽ പാഠ പുസ്തക അച്ചടി പൂർത്തിയാക്കി പ്രശംസ നേടി. കെ.ബി.പി.എസ്. സി.എം.ഡിയായി ഇപ്പോഴും അധിക ചുമതലയുണ്ട്. ഭാര്യ ചെന്നൈയിൽ ബിസിനസ് ചെയ്യുന്നു. നാല് വയസുള്ള മകനുണ്ട്.
വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും:
പിഴ തുക സ്വീകരിക്കുന്നത് ഓൺലൈനാക്കും
പൊലീസുകാരുടെ ജോലി ഭാരം കുറയ്ക്കാനും പൊലീസിന്റെ സേവനം ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനും സാങ്കേതിക വിദ്യയുടെ സഹായം കൂടുതലായി ഉപയോഗപ്പെടുത്തുമെന്ന് റൂറൽ എസ്.പി. കെ. കാർത്തിക് പറഞ്ഞു. വാഹന പരിശോധന സമയങ്ങളിൽ ഈടാക്കുന്ന പിഴ തുകകൾ ഓൺലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കും. ഐ.ടി വിദഗ്ധരുടെ സഹായത്തോടെ സോഫ്റ്റ് വെയറുകളോ, മൊബൈൽ ആപ്പുകളോ വികസിപ്പിച്ച് പിഴ അടയ്ക്കാനുള്ള ജോലി എളുപ്പത്തിലാക്കും. കോളേജ് വിദ്യാർത്ഥികൾക്കും ഇതിന്റെ മാതൃക സമർപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആദ്യമായി വേഗത്തിൽ പാസ്പോർട്ട് ലഭിക്കുന്ന ഇ പാസ്പോർട്ട് സംവിധാനം തൃശൂർ ജില്ലയിൽ നടപ്പാക്കിയതും കെ. കാർത്തിക് എ.സി.പി. യായിരിക്കെയാണ്.
വിവാദ കേസുകളന്വേഷിച്ച ഉദ്യോഗസ്ഥൻ
കേരളം ഏറെ ചർച്ച ചെയ്യുന്ന രണ്ട് കേസുകൾ ഉൾപ്പെടെ നിരവധി അഴിമതി കേസുകൾ അന്വേഷിച്ച് കഴിവ് തെളിയിച്ചയാളാണ് റൂറൽ എസ്.പി.യായി ചുമതലയേറ്റ കെ. കാർത്തിക്. വിജിലൻസ് എസ്.പിയായി പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുന്നതിനിടയിലാണ് പുതിയ ചുമതല. ചൂർണിക്കരയിൽ വ്യാജ രേഖ ചമച്ച് പാടശേഖരം പുരയിടമാക്കിയ കേസിന്റെ അന്വേഷണവും വിജിലൻസ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കലാഭവൻ മണിയുടെ മരണവും അന്വേഷിച്ചു.