കൊച്ചി : ചെന്നൈ ഐ.ഐ.ടിയുടെ പഠനറിപ്പോർട്ടിന്റെ വെളിച്ചത്തിൽ പാലാരിവട്ടം മേല്പാലം പൊളിച്ചുപ്പണിയുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും.

പൊതുമരാമത്ത് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ദ്ധ സമിതിയംഗങ്ങളും തമ്മിൽ തിരുവനന്തപുരത്ത് നടത്തിയ അനൗദ്യോഗിക ചർച്ചകളെ തുടർന്നാണിത്.

ഡിസെെനിംഗിലെയും പണികളിലെയും ഗുരുതര പിഴവ് അറ്റകുറ്റപ്പണികളിൽ തീരുന്നതല്ലെന്ന ഐ.ഐ.ടി സംഘത്തിന്റെ മുന്നറിയിപ്പ് മന്ത്രിസഭയും ഇടതുമുന്നണിയും ചർച്ചചെയ്യും. മെട്രോമാൻ ഇ. ശ്രീധരൻ, വിദേശത്തുനിന്നുള്ള വിദഗ്ദ്ധർ എന്നിവരുടെ അഭിപ്രായങ്ങൾ തേടിയതിനു ശേഷമായിരിക്കും അന്തിമ തീരുമാനം. കാർബൺ പോളിമർ ടെക്നോളജി ഉപയോഗിച്ചുള്ള പാലത്തിന്റെ ബലപ്പെടുത്തൽ ജോലികൾ ഇപ്പോഴത്തെ നിലയിൽ തുടരണമോ എന്ന കാര്യത്തിലും ഭിന്നാഭിപ്രായമുണ്ട്.

സിമന്റ് കുറവ്: ചെന്നൈ ഐ.ഐ.ടി

പാലാരിവട്ടം മേല്പാലം പണിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്നു ചെന്നൈ ഐ.ഐ.ടിയും. നാലുമാസത്തെ പരീക്ഷണങ്ങൾക്കും പഠനത്തിനും ശേഷമാണ് ഐ.ഐ.ടി സംഘം റിപ്പോർട്ട് സമർപ്പിച്ചത്.

എം 35 എന്ന ഗ്രേഡിൽ കോൺക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

ഗർഡറുകളിലും തൂണുകളിലുമുള്ള വിള്ളലുകൾ ഓരോന്നും വികസിക്കുകയാണ്.

ബംഗളുരു ആസ്ഥാനമായ നാഗേഷ് കൺസൾട്ടൻസിയുടെ ഡിസെെൻ തന്നെ തെറ്റി.

ബെയറിംഗുകളുടെ സ്ഥാനങ്ങൾ മാറിപ്പോയത് ഗുരുതരപ്രശ്നം സൃഷ്ടിക്കും. അറ്റകുറ്റപ്പണികൊണ്ടിതു മറികടക്കാൻ കഴിയില്ല.

ധൃതിപ്പിടിച്ച് പാലംപണി പൂർത്തീകരിച്ചതും വീഴ്ചയായി.

പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന റിപ്പോർട്ട് രണ്ട് വാല്യങ്ങളായി ആയിരം പേജോളം ഉണ്ട്.

ചെന്നൈ ഐ.ഐ.ടിയിലെ സ്ട്രക്ചറൽ എൻജിനിയറിംഗ് ലാബിലെ സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. പി. അളഗസുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം നാലു മാസത്തെ പരിശോധനകൾക്കു ശേഷമാണ് റിപ്പോർട്ട് നൽകിയത്. ആയിരം പേജോളം വരുന്ന ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതം നിർത്തിവച്ച് പാലത്തിൽ അറ്റകുറ്റപ്പണി തുടങ്ങിയത്.

ഇരുമ്പിന്റെയും കമ്പിയുടേയും അളവ് പരിശോധിക്കുന്നത് മന്ത്രിയുടെ പണിയല്ല. ആർ.ബി.ഡി.സി.കെയും കിറ്റ്കോയും ആണ് ഗുരുതര വീഴ്ച വരുത്തിയത്.

മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്

മഴ കാരണം അറ്റകുറ്റപ്പണി തുടരാനാകാത്ത സ്ഥിതിയുണ്ട്. സ്പാനുകളിലെ ബെയറിംഗ് മാറ്റുന്ന ജോലി എങ്ങുമെത്തിയിട്ടില്ല. പണി നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ സർക്കാരാണ് തീരുമാനിക്കേണ്ടത് .

അലക്സ് ജോസഫ്

ജനറൽ മാനേജർ ആർ.ബി.ഡി.സി.കെ