അങ്കമാലി : അങ്കമാലി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു.ഒഴിവായത് വൻ ദുരന്തം.മഞ്ഞപ്ര റോഡിൽ കിടങ്ങൂരിലുള്ള പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കിടങ്ങൂർ സ്വദേശിയായ വാഴേലി പറമ്പിൽ സുരേഷും ഭാര്യയും സഞ്ചരിച്ച മാരുതി ആൾട്ടോ കാറിന് മുകളിലാണ് മരം വീണത്. ഇരുവരും പരിക്കുകളൊന്നും പറ്റിയില്ല.നിരവധി വാഹനങ്ങൾ കടന്നു പോകുന്ന മഞ്ഞപ്ര അങ്കമാലി റോഡിനോട് ചേർന്ന് വീട്ട് വളപ്പിൽ നിന്ന മാവിന്റെ വലിയ ശിഖരം കനത്ത മഴയും കാറ്റുമുണ്ടായതിനെ തുടർന്ന് ഒടിഞ്ഞു വീഴുകയായിരുന്നു. സംഭവമറിഞ്ഞ് ആദ്യം ഓടിക്കൂടിയ നാട്ടുകാർ കാറിന് മേലെയുള്ള ശിഖിരങ്ങൾ വെട്ടിമാറ്റി സുരേഷിനേയും ഭാര്യയേയും രക്ഷപ്പെടുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ . എൻ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനസംഘം മരം വെട്ടിമാറ്റുകയും അപകടത്തിൽ പെട്ട കാർ സംഭവസ്ഥലത്ത് നിന്ന് മാറ്റുകയും, ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.