വൈപ്പി​ൻ:കടൽക്ഷോഭം രൂക്ഷമായ മേഖലകളിൽ ദുരിതാശ്വാസപ്രവർത്തങ്ങൾ ഉറപ്പാക്കുമെന്നും ക്യാമ്പുകളി​ൽ ഭക്ഷണം, മരുന്ന്, ശുദ്ധജലം എന്നിവ സജ്ജമാക്കുമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ ഉറപ്പ് നല്കി. എസ് ശർമ്മ എം എൽ എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. വൈപ്പിൻ മണ്ഡലത്തിലെ നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളിലെ തീരപ്രദേശത്ത് ജനജീവിതം ദുസ്സഹമായിരി​ക്കുകയാണെന്ന് എം എൽ എപറഞ്ഞു.

കടലിൽ നിന്നും അടിച്ചു കയറിയിട്ടുള്ള മണ്ണ് നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണം. കടമക്കുടി പഞ്ചായത്തിലെ പുതുശ്ശേരി പാലം അപകടത്തിലായതിനെതുടർന്ന് സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ ഉൾപ്പെടുത്തി ഗതാഗതം താൽക്കാലികമായി പുന:സ്ഥാപിക്കുന്നത്തിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി വ്യക്തമാക്കി.

കടൽ ക്ഷോഭം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി തിരുവനന്തപുരത്ത് അടിയന്തിര യോഗം ചേർന്നു. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി,ജെ മേഴ്‌സിക്കുട്ടിയമ്മ എം എൽ എ മാരായ എസ് ശർമ്മ, കെ. ജെ മാക്‌സി, എം സ്വരാജ്, ജോൺ ഫെർണാണ്ടസ്, ഇറിഗേഷൻ വകുപ്പ് സെക്രട്ടറി ഡോ. ബി അശോക്, ചീഫ് എൻജിനീയർ കെ എച്ച് ഷംസുദീൻ, തീരദേശ വികസന കോർപ്പറേഷൻ എം ഡി ഷേക്ക് പരീത് തുടങ്ങിയവർ പങ്കെടുത്തു. എടവനക്കാട് അനുവദിച്ചിട്ടുള്ള പുലിമുട്ടിന്റെ ടെൻഡർ നടപടികൾ വേഗത്തിലാക്കാനും ഒരു പുലിമുട്ട് കൂടി സ്ഥാപിക്കാനും തീരുമാനമായി. കടൽ ക്ഷോഭ മേഖലകളിൽ നിന്നും മാറി താമസിക്കാൻ തയ്യാറുള്ളവർക്ക് പുനരധിവാസം ഉറപ്പാക്കുന്നതിന് പത്തു ലക്ഷം രൂപ നൽകുന്ന പദ്ധതി നിലവിലുണ്ട്.