പറവൂർ : മൂന്നു പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിൽ നടത്തിയ പരിശോധന ഫലത്തിലാണ് പേവിഷബാധ ഉണ്ടെന്ന് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നായ പല സ്ഥലങ്ങളിൽ വെച്ച് മൂന്നു പേരെ കടിച്ചത്. ചേന്ദമംഗലം ഗവ. എൽ.പി സ്കൂളിൽ നിന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോഴാണ് കിഴക്കുംപുറം സ്വദേശിയായ ജയയുടെ മേൽ നായ ചാടിവീണത്. ഇതിനു ശേഷം ഭരണിമുക്കിൽ വെച്ച് സ്റ്റേഷനറി കടയിലെ ജീവനക്കാരാനായ കൊടുങ്ങല്ലൂർ സ്വദേശി സലാഹുദീനെ കടിച്ചത്. ഇവിടെ നിന്നും രണ്ട് കിലോമീറ്ററോളം ഓടി ചേന്ദമംഗലം - തൂയിത്തറ പാലത്തിനു സമീപത്തുവെച്ച് കുമാരമംഗലം സ്വദേശി സലിയെ കടിച്ചു. തൂയിത്തറ ഭാഗത്തേയ്ക്ക് ഓടിയ നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. പോസ്റ്രുമോർട്ടത്തിനു ശേഷം മണ്ണുത്തിയിൽ നിന്നും തിരികെ എത്തിച്ച നായയെ ചേന്ദമംഗലം പാലത്തിന് സമീപം കത്തിച്ചു കളയാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു. ഗത്യന്തരമില്ലാതെ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തംഗം വനജ ലാലുവിന്റെ വീട്ടിൽ നായയെ കുഴിച്ചിട്ടു. നായയുടെ കടിയേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് വാക്സിനേഷൻ നൽകി.