പള്ളുരുത്തി: കടൽക്ഷോഭം രൂക്ഷമായ ചെല്ലാനത്ത് ജിയോ ട്യൂ ബിൽ മണൽ നിറക്കുന്ന ജോലികൾ ഇന്നലെ തുടങ്ങി. കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.വേളാങ്കണ്ണി, ബസാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ജോലികൾ നടക്കുന്നത്.കരാറുകാരൻ നിശ്ചയിച്ച 15 തൊഴിലാളികളും നൂറോളം നാട്ടുകാരും ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ മേഖലകളിൽ മാത്രം രണ്ടായിരം ബാഗുകൾ വേണ്ടിവരുന്ന സാഹചര്യത്തിൽ അഞ്ഞൂറ് എണ്ണം മാത്രമേ എത്തിയിട്ടുള്ളൂ.ശക്തമായ കടൽക്ഷോഭത്തിൽ ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന് കണ്ടറിയണമെന്നാണ് തീരദേശ വാസികൾ പറയുന്നത്. എന്നാൽ താൽക്കാലിക പരിഹാരം മാത്രമാണെന്ന് അധികാരികൾ പറയുന്നു. അധികാരികളുടെ നിരുത്തര പരമായ സമീപനത്തിനെതിരെ തീരദേശ വാസികൾ 17 ന് ചെല്ലാനം പഞ്ചായത്താഫീസ് ഉപരോധിക്കും. പഞ്ചായത്ത് അധികാരികളും സ്ഥലം എം.എൽ.എയും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ദ്രോണാചാര്യമോഡൽ കടൽഭിത്തി മാത്രമാണ് ഇതിന് ഏക പരിഹാരമെന്നാണ് ജനം ഒറ്റക്കെട്ടായി പറയുന്നത്.ഇന്നലെയും കണ്ണമാലി, ബസാർ, വേളാങ്കണ്ണി, കണ്ടക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ കടലാക്രമണം രൂക്ഷമായിരുന്നു.