ആലുവ: അന്താരാഷ്ട്ര ബാലവേലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ബാലവേലയ്‌ക്കെത്തിയ മൂന്ന് കുട്ടികളെ കണ്ടെത്തി.14,15 ഉം വയസുള്ള അസം സ്വദേശികളായ രണ്ട് ആൺകുട്ടികളെ റെയിൽവേ സ്റ്റേഷനിൽ നിന്നും,​ കാക്കനാടുള്ള ഹോട്ടലിൽ പൊറോട്ട മേക്കറായി ജോലി ചെയ്യുന്ന അസം സ്വദേശിയായ കുട്ടിയെയും കണ്ടെത്തി. ഇവർ ആലുവയിൽ ജോലിയ്‌ക്കെത്തിയാതെണെന്ന് ചൈൽഡ് ലൈൻ അധികൃതർ പറഞ്ഞു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് മുൻപാകെ ഹാജരാക്കിയ ശേഷം മൂന്ന് പേരേയും അസമിലേയ്ക്ക് തിരിച്ചയക്കുമെന്ന് അധികൃതർ പറഞ്ഞു.മൂവരേയും ഡോൺബോസ്‌കോ ഷെർട്ടർ ഹോമിലേയ്ക്ക് മാറ്റി. ആലുവ റെയിൽവേ സ്‌റ്റേഷനിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്‌ക് അടുത്ത ആഴ്ച വരെ തുടരും. രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ഹെൽപ്പ് ഡെസ്‌കിലെ പ്രവർത്തനം. ചൈൽഡ് ലൈൻ പ്രവർത്തകർ ട്രെയിനിറങ്ങി വരുന്ന അന്യ സംസ്ഥാന തൊഴിലാളികളായ യാത്രക്കാരെ നിരീക്ഷിച്ചാണ് ബാലവേല ചെയ്യാനെത്തുന്ന കുട്ടികളെ കണ്ടെത്തുന്നത്.