കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് അസറുദീനെ (32)ദേശീയ അന്വേഷണ ഏജൻസി പ്രത്യേക കോടതി 27 വരെ റിമാൻഡ് ചെയ്‌തു. ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്‌ത അസറുദീനെ വൈകിട്ട് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി.
ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ സൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ഓൺലൈൻ അനുയായിയാണ് അസറുദീൻ. അസറുദീനൊപ്പം കോയമ്പത്തൂരിൽ കസ്റ്റഡിയിലെടുത്ത പോത്തനൂരിലെ സദാം ഹുസൈൻ, അക്രം സിൻദ, അൽ അമീൻ കോളനിയിൽ ഷെയ്ഖ് ഹിദായത്തുല്ല, ഇബ്രാഹിം ഷാഹിൻ ഷാ, കുനിയമുത്തൂരിൽ അബൂബക്കർ സിദ്ദിഖ് എന്നിവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. ഇവരെ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. ഐസിസ് കോയമ്പത്തൂർ ഘടകമെന്ന പേരിലാണ് ഇവർ സംഘടിതമായി ആശയവിനിമയം നടത്തിയിരുന്നത്. ഖിലാഫ ജി.എഫ്.എക്സ് എന്നപേരിലുള്ള ഓൺലൈൻ കൂട്ടായ്മയുടെ മറവിലാണ് ഇവർ തീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്.